ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണെന്നും ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാന്‍ ആവാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. ശത്രുക്കളെ സൈന്യം പാഠം പഠിപ്പിച്ചു. നിങ്ങളുടെ പ്രവൃത്തി ലോകത്തിനാകെ സന്ദേശമാണ്. സൈനികരുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോകയുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം ഉയരുമ്പോള്‍, ലോകം നമ്മുടെ ധീരതയെ തിരിച്ചറിയുന്നു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നമ്മള് പ്രവര്‍ത്തിക്കുന്നതെന്ന് മോദി പറഞ്ഞു. അതിര്‍ത്തിയില്‍ സൈന്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് മൂന്നിരട്ടി പണമാണ് വകയിരുത്തിയത്. ഗല്‍വാന്‍ ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗല്‍വാനില്‍ വീരമൃത്യു വരിച്ച ജവാന്മാരെ രാജ്യം എന്നും സ്മരിക്കും. ജീവന് ബലിയര്‍പ്പിച്ച വീരജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും നരേന്ദ്രമോദി അറിയിച്ചു.