മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി്. 10-വര്‍ഷം മുമ്പ് സ്ഥലമളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച സര്‍വ്വേ കല്ലുകളില്‍ പലതും അപ്രത്യക്ഷമായിരുന്നു. ഈ സ്ഥലങ്ങളിലാണ് പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ്വേ കല്ലുകള്‍ പുനസ്ഥാപിക്കുന്ന നടപടികള്‍ക്ക് തുടക്കമായത്.
കാക്കനാട് എല്‍.എ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.മനോജ്, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി.എം.സത്യന്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.എ.സജിത്ത്, സര്‍വ്വേയര്‍മാരായ വി.ജിംന, ജോണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വേകല്ലുകള്‍ പുനസ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ട് പോകുകയും ബൈപാസ് സ്വപ്നമായി മാറുകയും ചെയ്തതോടെ ബൈപാസിന്റെ ആവശ്യകത മനസിലാക്കി നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ഫലമായിട്ടാണ് ബൈപാസ് നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത്.
ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിരുന്നു.
മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിന് മുന്നോടിയായി മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലില്‍ പാലത്തിന്റെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമുള്ള റോഡിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇതിനായി 50 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂര്‍കുന്നം വില്ലേജിന്റെ പരിധിയില്‍ വരുന്ന 400 മീറ്റര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. വെള്ളൂര്‍കുന്നം വില്ലേജിന് കീഴില്‍ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതല്‍ പാലം വരെയുള്ള പ്രദേശത്തെ 1.26 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ബൈപാസ് നിര്‍മ്മാണത്തിനായി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവര്‍ത്തന കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന പരിവര്‍ത്തന കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ പ്രധാന പ്രൊജക്ടുകള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുന്നതിന് പുതിയ തണ്ണീര്‍ത്തട നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നു ആരംഭിച്ച് എംസി റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ് പദ്ധതി.