കൊച്ചി : കളമശേരി ബോംബ് സ്ഫോടന കേസിൽ റിമാൻഡിൽ കഴിയുന്ന ഡൊമിനിക് മാർട്ടിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി അന്വേഷണ സംഘം വീണ്ടും എടുക്കും. മാർട്ടിന്റെ മോബൈൽ ഫോണുകളും, ഇ-മെയിൽ വിവരങ്ങളും വിശദമായി പരിശോധിക്കും. കൂടാതെ തെളിവായി ലഭിച്ച ഇലട്രോണിക്ക് ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
സമീപ ദിവസങ്ങളിൽ ഡൊമിനിക്കിന് വന്ന ഫോൺ വിളികളും അന്വേഷണ സംഘം പരിശോധിക്കും. സ്ഫോടനം നടന്ന ദിവസം സാമ്ര കൺവെൻഷൻ സെൻ്ററിനും പരിസരത്തിനും സമീപം വന്ന് പോയവരുടെ ഫോൺ സന്ദേശങ്ങളുടെ വിശദ വിവരങ്ങളും പരിശോധിച്ച് വരുകയാണ്.
ദേശീയപാതയോടു ചേർന്നുള്ള ഫ്ലാറ്റിന്റെ ടെറസിൽ വച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് മാർട്ടിന്റെ മൊഴി. എന്നാൽ യൂട്യൂബ് നോക്കി ഇത്തരത്തിൽ ഒരു ബോബ് നിർമ്മിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. ആദ്യ ശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഇയാൾക്ക് എങ്ങനെ കഴിഞ്ഞുവെന്നതാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചയുടൻ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.