ടൈറ്റസ് കെ.വിളയില്‍
ആദിവാസിയായതിനാല് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവൈകിയതിനെതുടര്‍ന്ന് മരണപ്പെട്ട കണ്ടന്റെ ഭാര്യ മാതിയെയും നിരാലംബ കുടുംബത്തെയും തിരിഞ്ഞുപോലും നോക്കാതെ സര്‍ക്കാര്‍.
ശവസംസ്ക്കാര ചടങ്ങിന് ഐ.ടി.ഡി.പി അധികൃതര്‍ നല്കിയ 3500 രൂപയാണ് അധികൃതരുടെ പിഴവില്‍ ജീവന് നഷ്ടപ്പെട്ട കണ്ടന്റെ ഭാര്യ മാതിക്ക് സര്‍ക്കാര്‍ നല്കിയ സഹായം. റവന്യൂ അധികൃതരോ, എം.എല്‍.എ അടക്കമുള്ളവരോ ഈ വഴി തിരിഞ്ഞുപോലും നോക്കിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യപുരയിടത്തില്‍ തേങ്ങയിടുന്നതിനിടെയാണ് പൂക്കോട്ടുംപാടം അയ്യപ്പന്‍കുളം കോളനിയിലെ കണ്ടന് (50)തെങ്ങില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കണ്ടനെ മാതിയും നാട്ടുകാരായ കൊട്ടേങ്ങല്‍ നിഷാദും അമീറും ഉബൈദും ചേര്‍ന്നാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആദിവാസിയാണെന്നറിഞ്ഞതോടെ ഐ.ടി.ഡി.പി പ്രമോട്ടര്‍ വരട്ടെ എന്നു പറഞ്ഞ് കണ്ടനെ സ്ട്രക്ചറില്‍ തന്നെ കിടത്തി.
ഒടുവില്‍ ആംബുലന്‍സ് ഡ്രൈവര്‍ പോയാണ് ഒന്നേകാല്‍ മണിക്കൂറിനു ശേഷം പ്രമോട്ടറെ കൊണ്ടുവന്നത്. എന്നിട്ടും സി.ടി സ്കാന്‍ എടുക്കാന്‍ കൊണ്ടുപോവുകയോ അടിയന്തിര ചികിത്സ ലഭ്യമാക്കുകയോ ചെയ്തില്ല. മണിക്കൂറുകളോളം വേദനതിന്നു കിടന്ന കണ്ടന് മാതിയുടെ കണ്മുന്നിലാണ് കണ്ണടച്ചത്. ജീവന് വെടിഞ്ഞിട്ടും മൂന്നു മണിക്കൂര്‍ നേരം മോര്‍ച്ചറിയിലേക്കുപോലും മാറ്റാതെ കണ്ടനെ സ്ട്രക്ചറില്‍ തന്നെ കിടത്തി. സ്ഥലത്തുണ്ടായിരുന്നവര്‍ ഒച്ചവെച്ചപ്പോഴാണ് മോര്‍ച്ചറിയിലേക്കു മാറ്റാന്‍പോലും അധികൃതര്‍ തയ്യാറായത്.
കണ്ടന് ചികിത്സ വൈകിച്ച ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്ത വാര്‍ത്ത കോളനിക്കാര്‍ പറഞ്ഞതു കേട്ട് മാതിയുടെ മുഖത്ത് നിസംഗതമാത്രം. “ഡോക്ടര്‍ സാറമ്മാര് നേരത്തെ നോക്കീനെങ്കെ കണ്ടന് ഞാളെ കൂടെ ഉണ്ടാകൂലേനോ ” എന്നു വിങ്ങിപ്പൊട്ടി മാതി .
അത്യദ്ധ്വാനിയായ കണ്ടന് ജോലി ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്.സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത മാതി കോളനിയിലെ തറവാട്ട് വീട്ടില്‍ കാലുപൊട്ടി നടക്കാന്‍ കഴിയാത്ത സഹോദരന് ശങ്കരനൊപ്പം തനിച്ചായി. ശങ്കരനെ പരിപാലിക്കേണ്ടതിനാല്‍ ജോലിക്കുപോകാനും കഴിയില്ല.
ഇനിയെന്ത് എന്ന ചോദ്യത്തിന് കണ്ണീരു മാത്രമാണ് മാതിയുടെ മറുപടി. അട്ടപ്പാടിയില്‍ മനോരോഗിയായ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നവരെ ജയിലിനുള്ളിലാക്കിയ സര്‍ക്കാര്‍ മാതിയുടെ കണ്ണീരു കാണാതിരിക്കുന്നതില്‍ വന്യമായ ഒരു പ്രതികാരമില്ലേ?
ആദിവാസികള്‍ക്ക് ഇത്രയൊക്കെ മതി എന്ന ഭരണകൂട ഹുങ്ക്!