കൊച്ചി:വേള്‍ഡ് മലയാളി ഫെഡറേഷന് ”ഐകോണിക് വുമണ്‍ 2018” ആയി പ്രേക്ഷക വോട്ടിങ്ങിലൂടെ സ്വപ്നാ അഗസ്റ്റിന് തെരഞ്ഞെടുക്കപ്പെട്ടു. ഇരു കരങ്ങളുമില്ലാതെ നമ്മെ അത്ഭുതപ്പെടുത്തുകയാണ് സ്വപ്ന. കാല്‍വിരലുകള്‍ കൊണ്ട് വര്‍ണങ്ങള്‍ ചാലിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ 4000 ത്തിലധികം നയനമനോഹരമായ ചിത്രങ്ങള്‍ രചിച്ച സ്വപ്നയെ അനുഗ്രഹീത കലാകാരന്മാര് വരെ വിസ്മയത്തോടെ നോക്കിക്കാണുന്നു.
പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവിതത്തില്‍ മുന്നേറാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജസ്വലയായ ഉന്മേഷവും നിറഞ്ഞതാണ് സ്വപ്നയുടെ പുഞ്ചിരി. നമ്മുടെ നാട്ടിലെന്നല്ല ലോകത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള സാധാരണക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രേരണയും പ്രചോദനവുമാണ് സ്വപ്നയുടെ നേട്ടങ്ങള്‍. തന്റെ വാക്കുകളിലൂടെ ജനങ്ങള്‍ക്ക് പ്രചോദനമേകി രാജ്യത്തുടനീളം പലവേദികളിലായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നല്‍കിയിട്ടുണ്ട് ഈ മിടുക്കി. ‘തന്നിലുള്ള പ്രേരകശക്തിയും മാതൃകാനുസാരമായ ഊര്‍ജ്ജവും മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കുക എന്നതാണ് തന്റെ ജീവിതദൗത്യ’മെന്നാണ് സ്വപ്ന തന്നെ പറയുന്നത്. പ്രേക്ഷകര്‍ തന്നെ നിര്‍ദ്ദേശിച്ച് വോട്ടിങ്ങിനായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് അഞ്ചുപേരായ നര്‍ഗീസ് ബീഗം, ആമി വിളക്കുടി, നിഷ സ്നേഹക്കൂട്, അശ്വതി ജ്വാല, സ്നേഹ മല്‍ഹാര്‍ എന്നിവരെ പിന്നിലാക്കിയാണ് സ്വപ്ന വിജയം നേടിയത്. മാര്‍ച്ച് 08 ന് വനിതാ ദിനത്തില്‍ ”ഐകോണിക് വുമണ്‍ 2018” ആയി സ്വപ്നാ അഗസ്റ്റിനെ ആദരിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.