തിരുവനന്തപുരം: ഇനി പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകള്‍ നടത്താനാകും. റവന്യു വകുപ്പിന്റെ പ്രവാസി പോര്‍ട്ടലും ഹെല്പ് ഡെസ്കും ഒരുങ്ങുന്നു. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ അടുത്ത മാസം ആരംഭിക്കും. റവന്യു മന്ത്രിയുടെ ഓഫിസ് മുതല്‍ വില്ലേജ് ഓഫിസ് വരെ പ്രത്യേക ഓഫിസര്‍മാര്‍ക്കു ചുമതല നല്‍കിയാണ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുക.
വിദേശത്തിരുന്നു പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വില്ലേജ് ഓഫിസില്‍ അന്വേഷണം നടത്തി പരാതിയില്‍ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ് ബോര്‍ഡില്‍ തന്നെ നല്‍കും. ഫയല്‍ ട്രാക്ക് ചെയ്യുന്നതിനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകും.
ലാന്‍ഡ് റവന്യു കമ്മിഷണറേറ്റില്‍ ഇതിനായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ഓഫിസര്‍മാരുടെ സംഘം രൂപീകരിക്കാന്‍ നടപടിയായി. ജില്ലകളില്‍ ഒരു ഡെപ്യൂട്ടി കലക്ടര്‍ക്കായിരിക്കും ചുമതല. താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ നേരിട്ടു ഇ-ഫയലുകള്‍ നോക്കും. മാസത്തില്‍ ഒരു തവണ മന്ത്രി നേരിട്ടു പോര്‍ട്ടലിലെ പരാതികള്‍ വിശകലനം ചെയ്യുമെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള റവന്യു പോര്‍ട്ടലും ഭൂമി രജിസ്ട്രേഷനു വേണ്ടി രജിസ്ട്രേഷന് വകുപ്പ് ഉപയോഗിക്കുന്ന പോര്‍ട്ടലും തമ്മില്‍ സംയോജിപ്പിക്കുന്ന നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഭൂമി രജിസ്ട്രേഷന് നടന്നു കഴിഞ്ഞാല്‍ പോക്കുവരവു ചെയ്യാന്‍ പ്രമാണവുമായി വില്ലേജ് ഓഫിസിലേക്കു പോകേണ്ടതില്ല.
രജിസ്ട്രേഷന് പോര്‍ട്ടലില്‍ രജിസ്ട്രേഷന് കഴിഞ്ഞാല്‍ അടുത്ത പടിയായി റവന്യൂ വകുപ്പിന്റെ പോര്‍ട്ടലിലേക്ക് പോക്കുവരവിനായി ചെല്ലും. പോക്കുവരവും കരം ഒടുക്കലും ഉള്‍പ്പെടെ 9 സേവനങ്ങള്‍ റവന്യു പോര്‍ട്ടലില്‍ ലഭ്യമാണ്. ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായാല്‍ ഇ മാപ്പ് പോര്‍ട്ടല്‍ കൂടി ചേര്‍ത്ത് 3 പോര്‍ട്ടലുകളും ഒരുമിച്ച് കൊണ്ടുവരും. സര്‍വേ നമ്പര്‍ നല്കിയാല് ഭൂമിയുടെ മാപ്പ് എവിടെയിരുന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിയും വിധമാണ് സംവിധാനമാണ് ഒരുങ്ങുന്നത്.