ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഓസ്ട്രേലിയയുടെ പെര്‍മനന്റ് മൈഗ്രേഷന്‍ പദ്ധതി വിപുലമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2022/23 കാലയളവില്‍ കൂടുതല്‍ പേരെ സ്കില്‍ഡ് മൈഗ്രേഷന്‍ പദ്ധതിയിലൂടെയും, ഫാമിലി സ്ട്രീമിലൂടെയും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയിലൂടെ വരാന്‍ കഴിയുന്നവരുടെ എണ്ണം സര്‍ക്കാര്‍ കൂട്ടി. 1,60,000ല്‍ നിന്ന് 1,95,000 ലേക്കാണ് ഈ വിഭാഗത്തിലുള്ള വിസകളുടെ എണ്ണം ഉയര്‍ത്തിയത്.
സ്കില്‍ഡ് വിസകളുടെ എണ്ണം 79,600ല്‍ നിന്ന് 1,42,400ലേക്ക് ഉയര്‍ത്തുമെന്ന് ഒക്ടോബര്‍ മാസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. താത്കാലിക സ്കില്‍ഡ് ഷോര്‍ട്ടേജ് വിസയിലുള്ളവര്‍ക്ക് (TSS സബ്ക്ലാസ്സ് 482) പെര്‍മനന്റ് വിസക്ക് അപേക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ ഭേദഗതി നടപ്പിലാക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു.
457 വിസയുള്ളവരുടെ പ്രായപരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 462 വര്‍ക്കിങ് ഹോളിഡേ മേക്കര്‍ വിസക്കായുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നടപ്പിലാക്കി. ഇത്തരത്തില്‍ ഓസ്ട്രേലിയന്‍ കുടിയേറ്റ പദ്ധതിയില്‍ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങള്‍ ഇവയാണ്:
1. സ്റ്റേറ്റ്-സ്പോണ്‍സര്‍ഷിപ്പ് വിസകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: ഉള്‍നാടന്‍ മേഖലകളിലേക്ക് കൂടുതല്‍ വിസകള്‍ അനുവദിക്കുന്നത് വഴി സംസ്ഥാന വിസകളുടെ നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുമെന്ന് മുന്‍ ഇമിഗ്രേഷന്‍ വകുപ്പ് സെക്രട്ടറി അബുല്‍ റിവ്സി എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
2022/23 കാലയളവിലേക്കായി സംസ്ഥാനങ്ങള്‍ക്കും ടെറിറ്ററികള്‍ക്കും (സബ്ക്ലാസ്സ് 190) 31,000 വിസകള്‍ മാറ്റിവയ്ക്കുന്നതായാണ് കുടിയേറ്റ വിഭാഗം വക്താവ് അറിയിച്ചത്. ഇതിനുപുറമെ റീജിയണല്‍ വിഭാഗത്തില്‍ (സബ്ക്ലാസ്സ് 491) 34,000 വിസകളും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയില്‍ (സബ്ക്ലാസ് 188) 5,000 വിസകള്‍ നല്‍കും. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍ വിസ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് സ്കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസ (സബ്ക്ലാസ്സ് 189) ലഭിക്കുന്നവരുടെ എണ്ണം കൂടുമെന്ന് കരുതുന്നതായി റിസ്വി പറഞ്ഞു.
2. പാര്‍ട്ണര്‍ വിസ എളുപ്പമാക്കി: പാര്‍ട്ണര്‍ വിസ എളുപ്പമാക്കുന്നതിനായുള്ള ഭേദഗതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. അപേക്ഷകരുടെ എണ്ണം അനുസരിച്ച് അല്ലെങ്കില്‍ ഡിമാന്‍ഡ് അനുസരിച്ച് വിസ നല്കുന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ണര്‍ വിസയുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. 40,500 പാര്‍ട്ണര്‍ വിസകള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍. ചൈല്‍ഡ് വിസകള്‍ക്കും പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. 3,000 ചൈല്‍ഡ് വിസകള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുമെന്നാണ് കണക്ക്കൂട്ടല്‍.
3. വിസ അനുവദിക്കുന്ന മുന്‍ഗണനയില്‍ മാറ്റം: ഓസ്ട്രേലിയന്‍ വിസ നല്‍കുന്നതിനുള്ള മുന്‍ഗണനാക്രമം പുതുക്കി. ആരോഗ്യ സംരക്ഷണം, അധ്യാപന തൊഴില്‍ അപേക്ഷകള്‍ എംപ്ലോയര്‍- സ്പോണ്‍സേര്‍ഡ് വിസകള്‍ക്ക് മുന്‍ഗണന. അംഗീകൃത സ്പോണ്സര് നാമനിര്‍ദ്ദേശം ചെയ്യുന്ന അപേക്ഷകര്‍ക്ക് ബാധകം. ഉള്‍നാടന്‍ പ്രദേശത്തിനായുള്ള വിസകള്‍ (ഡെസിഗനെറ്റഡ് റീജിയണല്‍ ഏരിയ വിസ)
പെര്‍മെനന്റ് വിസ, പ്രൊവിഷണല്‍ സബ്ക്ലാസ്സ് വിസകള്‍. കുടിയേറ്റ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്ന സബ്ക്ലാസ്സ് 188 ഒഴിച്ചുള്ള വിസകള്‍. മറ്റെല്ലാ വിസ അപേക്ഷകളും.
4. പസിഫിക് മേഖലയില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിക്കും: ജൂലൈ 2023 മുതല്‍ പസിഫിക് മേഖലയില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിക്കും.
പസഫിക് എന്‍ഗേജ്മെന്റ് വിസ (PEV) എന്ന പദ്ധതിയിലൂടെ 3,000 പേരെ ഓസ്ട്രേലിയയിലെത്തിക്കും. പസിഫിക് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ഓസ്ട്രേലിയയിലെത്തിക്കുകയാണ് ലക്ഷ്യം. ഓസ്ട്രേലിയന്‍ കുടിയേറ്റ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിസകള്‍ക്ക് പുറമെയാണ് ഇത്.
5. ന്യൂസീലന്റുകാര്ക്ക് മുന്‍ഗണന: സ്കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസ (സബ്ക്ലാസ്സ് 189) എന്ന വിഭാഗത്തിന് മുന്‍ഗണന നല്‍കുന്നത് വഴി, ന്യൂസീലന്റ് സ്ട്രീമിലൂടെ ഓസ്ട്രേലിയയില്‍ ജീവിക്കുന്ന ന്യൂസീലന്റുകാര്ക്ക് വിസ ലഭിക്കാന്‍ എളുപ്പമാകും. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിസ മാനദണ്ഡങ്ങളില്‍ നിരവധി ഇളവുകളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.