ദമ്മാം: ശമ്പളം നല്‍കാത്ത സ്പോണ്സറില് നിന്നും ഒളിച്ചോടി തെരുവില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്നാട് മധുര സ്വദേശിനി വസന്തിയാണ് ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. നാലു വര്‍ഷം മുന്‍പാണ് വസന്തി റിയാദിലെ ഒരു സൗദി ഭവനത്തില്‍ ജോലിയ്ക്ക് എത്തിയത്. ഇതുവരെ നാട്ടില്‍ പോയിട്ടില്ല. രണ്ടര വര്‍ഷത്തോളം ശമ്പളം കിട്ടിയിട്ടില്ല എന്ന് അവര്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം സഹിയ്ക്കാനാകാതെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ ആ വീട്ടില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.
റിയാദിലെ ബത്തയില്‍ തെരുവിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്ന ഇവരെക്കണ്ട ചില മലയാളികള്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഷിഹാബിനെ വിവരമറിയിച്ചു. ശിഹാബ് വസന്തിയെ റിയാദിലെ ഇന്ത്യന്‍ എംബസ്സിയിലേയ്ക്ക് കൂട്ടികൊണ്ടു പോയി. എന്നാല്‍ കൊറോണ കാലമായതിനാല്‍ എംബസ്സിയിലെ വനിത ഷെല്‍ട്ടര്‍ അടച്ചതിനാല്‍ എംബസ്സി വോളന്റീര്‍മാരുടെ സഹായത്തോടെ ഒരു പ്രവാസി കുടുംബത്തോടൊപ്പം താത്കാലികമായി അവരെ താമസിപ്പിച്ചു.
എന്നാല്‍ ചെറിയ മാനസിക അസുഖ ലക്ഷണങ്ങള്‍ കാണിച്ച വസന്തിയെ കൂടുതല്‍ കാലം കൂടെത്താമസിപ്പിയ്ക്കാന് ബുദ്ധിമുട്ട് ഉണ്ടെന്നു ആ കുടുംബം അറിയിച്ചത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. റിയാദിലെ തര്‍ഹീല്‍ വഴി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലയയ്ക്കാന്‍ എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് എംബസ്സി അധികൃതര്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും, ദമ്മാമിലെ എംബസ്സി വോളന്റീറുമായ മഞ്ജു മണികുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. വസന്തിയെ ദമ്മാമില്‍ എത്തിച്ചു തന്നാല്‍, ബാക്കി എല്ലാ കാര്യങ്ങളും തങ്ങള്‍ ഏറ്റെടുത്തു കൊള്ളാം എന്ന് മഞ്ജു അറിയിച്ചു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരായ ശിഹാബ്, നൗഷാദ്, നവാസ് എന്നിവര്‍ വസന്തിയെ ദമ്മാമില്‍ എത്തിച്ചു മഞ്ജു മണിക്കുട്ടനെ ഏല്‍പ്പിച്ചു.
മഞ്ജുവും ഭര്‍ത്താവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനുമായ മണിക്കുട്ടനും ചേര്‍ന്ന് വസന്തിയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ വസന്തിയുടെ അവസ്ഥ കണ്ട സൗദി അധികാരികള്‍ മഞ്ജുവിനോട് തന്നെ അവരെ കൊണ്ടുപോയി കൂടെത്താമസിപ്പിയ്ക്കാന് ആവശ്യപ്പെട്ടു. അങ്ങനെ വസന്തി മഞ്ജുവിന്റെ കുടുംബത്തോടൊപ്പം താമസിച്ചു. നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുവിന്റെയും, മഞ്ജുവിന്റെയും, കുടുംബങ്ങളുടെയും പരിചരണം അവരുടെ മാനസിക നില ഏറെ മെച്ചപ്പെടുത്താന്‍ സഹായിച്ചു.
മഞ്ജു ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും വസന്തിയ്ക്ക് ഔട്ട്പാസ്സും, വനിത അഭയ കേന്ദ്രത്തില്‍ നിന്നും ഫൈനല്‍ എക്സിറ്റും അടിച്ചു വാങ്ങി. ശിഹാബ് വിമാന ടിക്കറ്റ് അയച്ചു കൊടുത്തു. അങ്ങനെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്ക്കും നന്ദി പറഞ്ഞു വസന്തി നാട്ടിലേയ്ക്ക് മടങ്ങി.