എറണാകുളം: സൗദിയിൽ വിവിധ ആശുപത്രികളിലായി ജോലി ചെയ്തുവരുന്ന ഗർഭിണികളായ 51 നഴ്സുമാരുമായി ഉടൻ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകി കേരള ഹൈക്കോടതി. നഴ്സുമാർക്ക് ആവശ്യമായ മെഡിക്കൽ സഹായം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉടൻ ഉറപ്പു വരുത്തണമെന്നും ഹൈകോടതി നിർദ്ദേശിച്ചു. സൗദിയിൽ അകപ്പെട്ട ഗർഭിണികളായ നഴ്സുമാരെ ഉടൻ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ പൊതു താത്പര്യ ഹർജിയിന്മേലാണ് കോടതി നിർദ്ദേശം. അഡ്വ. രജ്ഞിത് .ബി. മാരാർ വഴി സമർപ്പിച്ച ഹർജി കൂടുതൽ വാദങ്ങൾക്കായി മെയ് 5 ചൊവ്വാഴ്ചയിലേക്ക് മാറ്റി.