ദമ്മാം: ഭാഷയുടെ അതിര്‍ത്തികള്‍ മറന്ന് സ്വദേശികളും വിദേശികളുമായ ഒരു പറ്റം സുമനസ്സുകള്‍ കൈകോര്‍ത്തപ്പോള്‍, രോഗ ബാധിതയായി വിഷമത്തിലായ തമിഴ്നാട്ടുകാരി കസ്തൂരിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു.
തമിഴ്നാട് പുതുകുപ്പം സ്വദേശിനിയായ കസ്തൂരി രാജേന്ദ്രന് രണ്ടര വര്‍ഷം മുന്‍പാണ് സൗദിയില്‍ റിയാദിലുള്ള ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ഒന്നരവര്‍ഷത്തോളം ജോലി ചെയ്തു കഴിഞ്ഞപ്പോള്‍, കിഡ്നിയെ രോഗം ബാധിച്ചതിനെത്തുടര്‍ന്ന്, അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ ആയി. നാട്ടിലേയ്ക്ക് തന്നെ തിരികെ അയയ്ക്കണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. ഇത്രയും കാലമായിട്ടും കസ്തൂരിയ്ക്ക് അയാള്‍ ഇക്കാമ എടുത്തിട്ടില്ലായിരുന്നു. ഇക്കാമ എടുക്കാനും, അതിന്റെ ഫൈന്‍ അടയ്ക്കാനും ഒരുപാട് കാശ് ചിലവുണ്ടെന്നും, ആ കാശ് കസ്തൂരി തന്നെ നല്‍കണമെന്നുമായിരുന്നു സ്പോണ്‍സറുടെ നിലപാട്. സ്വന്തം കാശ് ചിലവാക്കി നിയമനടപടികള്‍ ഒക്കെ സ്വയം പൂര്‍ത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങാന്‍ സ്പോണ്സര് കസ്തൂരിയോട് നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദ്ധനയായ കസ്തൂരിയ്ക്ക് അതിനു കഴിയുമായിരുന്നില്ല.
കസ്തൂരി റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കിയെങ്കിലും, സ്പോണ്‍സറുടെ നിസ്സഹരണം കാരണം ഒന്നും നടന്നില്ല. എംബസ്സി ഉദ്യോഗസ്ഥര്‍ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, കസ്തൂരിയെ ദമ്മാമിലേയ്ക്ക് അയയ്ച്ചാല്‍ നാട്ടിലേയ്ക്ക് കയറ്റി വിടാന്‍ കഴിയുമോ എന്ന് അന്വേഷിച്ചു. നവയുഗം ജീവകാരുണ്യവിഭാഗവുമായും, ദമ്മാം വനിത അഭയകേന്ദ്രം ഉദ്യോഗസ്ഥരുമായും സംസാരിച്ച ശേഷം, മഞ്ജു സമ്മതം അറിയിച്ചു. തുടര്‍ന്ന് കസ്തൂരിയെ എംബസ്സി ദമ്മാമില്‍ മഞ്ജുവിനടുത്തേയ്ക്ക് അയച്ചു.
ദമ്മാമില്‍ എത്തിയ കസ്തൂരിയെ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍, ആദ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി റിപ്പോര്‍ട്ട് ചെയ്ത ശേഷം, ദമ്മാം വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു. എത്രയും പെട്ടെന്ന് ഫൈന്‍ കെട്ടി ഇക്കാമ എടുത്താല്‍, ഫൈനല്‍ എക്സിറ്റ് നല്‍കാമെന്ന് അഭയകേന്ദ്രം ഡയറക്ടര്‍ ഉറപ്പ് നല്കി.
കസ്തൂരിയെ മഞ്ജു കൂട്ടികൊണ്ടുപോയി, നിയമനടപടികള്‍ പൂര്‍ത്തിയാകും വരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ തമിഴ് സംഘം പ്രവര്‍ത്തകര്‍ സഹായിക്കാന്‍ മുന്നോട്ട് വന്നു. അവര്‍ പിരിവെടുത്ത് ഇക്കാമയ്ക്കുള്ള പണം നല്കി. അങ്ങനെ ഇക്കാമ എടുത്തു. അഭയകേന്ദ്രം ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം അവധി ദിവസമായിരുന്നിട്ടും ജവാസത്തിലെ ഉദ്യോഗസ്ഥന് അഭയകേന്ദ്രത്തില്‍ എത്തി കസ്തൂരിയ്ക്ക് എക്സിറ്റ് അടിച്ചു നല്കി.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്ക്കും നന്ദി പറഞ്ഞു കസ്തൂരി നാട്ടിലേയ്ക്ക് മടങ്ങി.