ന്യൂഡല്‍ഹി : സുഡാന് ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരില്‍ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട് റോഷല്‍ ആലപ്പാട്ട് ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാര്‍ സ്വദേശി ജയേഷ് വേണുവും ഇന്ന് രാവിലെ 8.50 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് 5.30 ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ പുറപ്പെട്ടത്. .
കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന് തോമസ് എന്നിവരുടെ കുടുംബം രാവിലെ 8.20 ന് പുറപ്പെടുന്ന വിസ്താര ഫ്ലൈറ്റില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഇവര്‍ 11.40 ന് തിരുവനന്തപുരത്തെത്തും.
സുഡാനില്‍ നിന്നും ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. 360 പേരുമായാണ് ആദ്യസംഘം ഡല്‍ഹിയിലെത്തിയത്. ഓപ്പറേഷന് കാവേരിയുടെ കീഴിലായിരുന്നു രക്ഷാദൗത്യം. സുഡാന് സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും ഏറ്റുമുട്ടുന്ന സുഡാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച രക്ഷാദൗത്യമാണ് ‘ഓപ്പറേഷന് കാവേരി’. ഒഴിപ്പിക്കല്‍ ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ജിദ്ദയില്‍ ക്യാമ്പുചെയ്യുകയാണ്. ഇന്ത്യക്കാരെ സൗദി അറേബ്യ വഴി വിമാനത്തിലും കപ്പലിലുമായാണ് നാട്ടിലെത്തിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധക്കപ്പലുകള്‍ രക്ഷാ ദൗത്യത്തിനായി ജിദ്ദയില്‍ സജ്ജമാണ്. അതേസമയം കഴിഞ്ഞ ദിവസം സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാന്‍സ് രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ 388 പേരില്‍ ഇന്ത്യക്കാരും ഉളളതായി ഫ്രഞ്ച് എംബസിയാണ് അറിയിച്ചത്. കൂടാതെ മൂന്ന് ഇന്ത്യക്കാരെ സൗദിയും രക്ഷപ്പെടുത്തിയിരുന്നു.