പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ പൂര്‍ണമായും വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി യാത്ര നടത്തി ചരിത്രം സൃഷ്ടിച്ച് സൗദിയിലെ വിമാന സര്‍വീസ്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ ഫ്ളൈഅദീല്‍ വിമാനത്തിലാണ് ജീവനക്കാരായി വനിതകള്‍ മാത്രം ഉണ്ടായിരുന്നത്. എയര്‍ലൈനിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
ഏഴംഗക്രൂവില് പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ളൈഅദീല്‍ വക്താവ് പറഞ്ഞു. സഹ പൈലറ്റായത് സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാപൈലറ്റ് കൂടിയായ യാരാ ജാന്‍ എന്ന 23 കാരിയാണ്.
സൗദി കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സോടെ പറക്കുന്ന ആദ്യവനിത ഹനാദി സക്കറിയ അല്‍ ഹിന്ദി, യു.എ.ഇ.യില്‍ നിന്ന് ആദ്യമായി എയര്‍ബസ് എ 320 സിവില്‍ എയര്‍ക്രാഫ്റ്റ് അന്താരാഷ്ട്ര തലത്തില്‍ പറത്തിയ റാവിയ അല്‍- റിഫി, കൂടാതെ സൗദിയിലെ ഒരു വാണിജ്യ വിമാനത്തില്‍ സഹപൈലറ്റായ ആദ്യവനിത യാസ്മിന് അല്‍- മൈമാനിയ എന്നിവരും കൂട്ടത്തിലുണ്ട്.