ദുബൈയില്‍ വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദമ്പതികള്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ചക്ക് പ്രത്യേക സംവിധാനം രൂപീകരിക്കുന്നു. ആര്‍ബിട്രേറ്റര്‍മാരുടെ സമിതിയുണ്ടാക്കിയാണ് ഇത്തരം കേസുകളില്‍ മധ്യസ്ഥത വഹിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പുതിയ സംവിധാനത്തിന് നിര്‍ദേശം നല്‍കിയത്.
കുടുംബകോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് യോഗ്യതയുള്ള ആര്‍ബിട്രേറ്റര്‍മാരുടെ സമിതി രൂപീകരിക്കുക. തര്‍ക്കം ഉടലെടുത്താന്‍ ദമ്പതികള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള മധ്യസ്ഥരെ സമിതിയില്‍ നിന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ജഡ്ജിക്ക് മധ്യസ്ഥരെ തീരുമാനിച്ചു നല്‍കാനും സംവിധാനമുണ്ടാകും.
വഴക്കും തര്‍ക്കവും വിവാഹമോചനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേസുകളില്‍ മധ്യസ്ഥരുടെ ഇടപെടലുണ്ടാവുക. വ്യക്തിനിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് ജഡ്ജിമാരും സമിതിയില്‍ അംഗമായിരിക്കും. തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ബന്ധുകള്‍ ഉള്‍പ്പെടെ സഹകരിച്ച് സമിതി ശ്രമം നടത്തും. തര്‍ക്കങ്ങളുടെ ഭാഗമായി ദമ്പതികള്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങളും കേസുകളും ഒത്തുതീര്‍പ്പിലെത്തിക്കാനും ശ്രമമുണ്ടാകും.