ദമ്മാം: ദമ്മാമില്‍ നിയമക്കുരുക്കില്‍പ്പെട്ട ആസ്സാം സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ആസ്സാം ദിസ്പൂര്‍ സ്വദേശിനി റൂബി ബീഗം ആണ് നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പാണ് റൂബിബീഗം സൗദിയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിയ്ക്ക് വന്നത്. എന്നാല്‍ ആ വീട്ടിലെ ജോലി ദുരിത പൂര്‍ണ്ണം ആയിരുന്നു. രാപ്പകല്‍ വിശ്രമം ഇല്ലാതെ ജോലി ചെയ്യിപ്പിയ്ക്കുമെങ്കിലും, ശമ്പളം ഒന്നും സമയത്തു കിട്ടിയിരുന്നില്ല.
ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം അവര്‍ ആ വീട്ടില്‍ നിന്നും ഒളിച്ചോടി, മറ്റു ചിലയിടങ്ങളില്‍ ജോലി ചെയ്തു പിടിച്ചു നില്ക്കാന് ശ്രമിച്ചു. ഒടുവില്‍ ജീവിതം വഴി മുട്ടിയപ്പോള്‍, ദമ്മാമിലെ എംബസ്സി വി.എഫ്.എസ് സെന്ററില്‍ വന്നു സഹായം അഭ്യര്‍ത്ഥിച്ചു. അവിടുള്ളവര്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ഫോണ്‍ വിളിച്ചു വിവരം അറിയിച്ചു.
മഞ്ജുവും, ഭര്‍ത്താവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനുമായ പദ്മനാഭന് മണിക്കുട്ടനും കൂടി അവിടയെത്തി, റൂബി ബീഗത്തോട് സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് അവരെ പോലീസ് സ്റ്റേഷനിലും, അവിടന്ന് ദമ്മാം വനിതാ അഭയ കേന്ദ്രത്തിലും കൊണ്ട് ചെന്നാക്കി. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും, റൂബിയുടെ സ്പോണ്സര് അവരെ ഹുറൂബില്‍ (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായും, വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷിച്ചാണ് ഒളിച്ചോടിയത് എന്ന കള്ളക്കേസ് കൊടുക്കുകയും ചെയ്തതായി മനസ്സിലാക്കി. ഹുറൂബും, മത്തലൂബും അടക്കം ഈ കേസുകളുടെ നൂലാമാലകള്‍ അഴിക്കാതെ റൂബി ബീഗത്തിന് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയുമായിരുന്നില്ല.
നവയുഗം നിയമസഹായ വേദിയുടെ സഹായത്തോടെ ഈ കേസുകള്‍ കോടതിയില്‍ നടന്നു. ഇതിനിടെ കോവിഡ് കാലം ആയതിനാല്‍, വനിതാ അഭയകേന്ദ്രം അധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ചു, മഞ്ജു മണിക്കുട്ടന് റൂബി ബീഗത്തിനെ ജാമ്യത്തില്‍ എടുത്ത്, സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോയി താമസിപ്പിച്ചു. പോലീസ് സ്റ്റേഷന്, ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്, കോടതികള്‍ എന്നിങ്ങനെ പലയിടങ്ങളിലായി, മൂന്നു മാസത്തോളം നീണ്ട നിയമപോരാട്ടമാണ് നവയുഗം റൂബി ബീഗത്തിനായി നടത്തിയത്. ഒടുവില്‍ കള്ളക്കേസുകള്‍ തള്ളിപ്പോകുകയും അവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്കാന് കോടതി ഉത്തരവിടുകയും ചെയ്തു. അങ്ങനെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി റൂബി ബീഗം നാട്ടിലേയ്ക്ക് മടങ്ങി.