മൂവാറ്റുപുഴ :മുന്‍ എംഎല്‍എ ജോണി നെല്ലൂരിന്റെതെന്ന തരത്തില്‍ പ്രചരിക്കുന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരണവുമായി നഗരസഭാ കൗണ്‍സിലര്‍ ജോസ് കുര്യാക്കോസ്. എല്‍ഡിഎഫിലേക്ക് പോകുന്നത് സംബന്ധിച്ചോ മറ്റ് മുന്നണി മാറ്റങ്ങളെക്കുറിച്ചോ യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും, പ്രചരിക്കുന്ന ശബ്ദരേഖ ജോണിനെല്ലൂരിന്റേതാണെന്ന് വിശ്വസിക്കുന്നില്ലെന്നും, മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ കരിവാരിത്തേക്കാനുള്ള ചില ഗൂഢശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന്റെ പാനലില്‍ വിജയിച്ച ഏക അംഗവും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ് ജോസ് കുര്യാക്കോസ്. നഗരസഭ ഭരണസമിതിയില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും,ചെയര്മാന് സ്ഥാനം മോഹിച്ചു എല്‍ഡിഎഫിലേക്ക് പോകുന്നില്ലെന്നും,അത്തരത്തില്‍ യാതൊരുവിധ ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചയോടെ കേരള കോണ്‍ഗ്രസ് (എം) നേതാവ് എ.എച്ച്. ഹഫീസാണ് ജോണി നെല്ലൂരിന്റേതെന്ന ഫോണ്‍ സന്ദേശം പുറത്തുവിട്ടത്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ കേരളത്തിലെ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു മൂവാറ്റുപുഴ നഗരസഭയിലെ ഭരണം.ഇതോടെയാണ് ജോസ് കുര്യാക്കോസ് പ്രതികരണവുമായി രംഗത്ത് വന്നത്.