തൃക്കാക്കരയിലെ വിജയ ശില്പി വിഡി സതീഷന് തന്നെ. കൃത്യതയും വ്യക്തവുമായ മുന്നൊരുക്കവും പഴുതടച്ച പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിനെ കരയ്ക്ക് പുറത്താക്കി. സെഞ്ച്വറി അടിക്കാനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പടക്ക് മേലുളള തന്ത്രങ്ങള്‍ മെനഞ്ഞ് ഗോദയില്‍ തിളങ്ങി നിന്നുതും വിഡി തന്നെയാണ്. കളം നിറഞ്ഞ് കളിച്ച വിഡി സതീശന് തേരാളിയും പോരാളിയുമായതോടെ നടുവൊടിഞ്ഞ കോണ്‍ഗ്രസിന്റെ ഉയിര്ത്തെഴുനേല്പ്പായി തൃക്കാക്കര മാറിയിരിക്കുകയാണ്.
ഒപ്പം നിന്ന ഒറ്റുകാര്‍ക്ക് തീരാ പ്രഹരമായി മാറുകയാണ് ഉമയുടെ വിജയവും റെക്കോര്‍ഡ് ഭൂരിപക്ഷവും. പ്രചരണഘട്ടത്തില്‍ തോമസ് മാഷടക്കം കൂട് മാറിയപ്പോഴും വിഡി എന്ന ക്യാപ്റ്റന്‍ വിറച്ചില്ല. ഒന്നിനു പുറകെ ഒന്നായുള്ള എതിര് പാര്‍ട്ടികളുടെ ആരോപണങ്ങളും കുപ്രചരണങ്ങളും വിഡി എന്ന ക്യാപ്റ്റന്‍ തന്ത്രപരമായി പൊളിച്ചു മുന്നേറി. ഒടുവില്‍ പിടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയാകാന്‍ ഉമയ്ക്ക് അവസരവും നല്കി തൃക്കാക്കരക്കാര്‍.
കോണ്‍ഗ്രസും യുഡിഎഫും ത്യക്കാക്കരയില്‍ കണ്ടത് വേറിട്ട പ്രവര്‍ത്തന ശൈലിയാണ്. വോട്ട് ചേര്‍ക്കലിലും വെട്ടലിലും പാളിച്ച പറ്റിയത് പാഠമാക്കിയായിരുന്നു വിഡിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തനം. വോട്ട് തേടുന്നതിനായി സംസ്ഥാനത്തെ പ്രമുഖ മുന്നണി നേതാക്കളെ എത്തിച്ച് ഇടതു പടയെ നേരിട്ടു. ജോ ജോസഫിന്റെ അശ്ലീല വീഡിയോ എത്തിയപ്പോള്‍ അതിനെ തള്ളി പറഞ്ഞു. പിന്നില്‍ യുഡിഎഫ് എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അവിടെയും തടയിട്ടു.
കള്ള വോട്ട് തടയിടാന്‍ നടത്തിയ ഇടപെടലും തൃക്കാക്കരയെ വിജയ തുടര്ച്ചയിലെത്തിച്ചത്. പതിനാറായിരത്തോളം കള്ള വോട്ടിനുള്ള ശ്രമം തകര്‍ത്തത് ശരവേഗത്തില്‍. പ്രാദേശികമായും ബൂത്തു തിരിച്ചുമുള്ള സ്ഥലത്തില്ലാത്തതും മരിച്ചവരുടെയും ലിസ്റ്റ് തയ്യാറാക്കി നല്കാന് പ്രത്യേക സേനയെ ചുമതലപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് ഒരുക്കി. കളളവോട്ടിനെത്തുന്നവര്ക്ക് പിടിവീഴുമെന്ന സന്ദേശം നല്കി. ഒടുവില്‍ തിരഞ്ഞെടുപ്പിന് കള്ളവോട്ടിനെത്തിയ വ്യക്തിയെ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പിടിച്ചതും പോലീസിലേല്‍പ്പിച്ചതും ഈ ജാഗ്രതയിലൂന്നിയ പ്രവര്‍ത്തന ലൈി തന്നെ.
ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകുമെന്ന അപൂര്‍വ പ്രഖ്യാപനങ്ങള്‍ തൃക്കാക്കരയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സുരക്ഷിത ഭൂരിപക്ഷം ഉമ തോമസ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുകയാണ്. പിടിയേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്.
ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പിടിയേക്കാള്‍ വോട്ടുകള്‍ ഉമ തോമസ് നേടുമെന്ന് പറഞ്ഞിരുന്നു. മറ്റ് അവകാശവാദങ്ങളൊന്നും ഇല്ല. പ്രതീക്ഷിച്ചത് പോലെ എല്ലാം സംഭവിക്കുന്നുണ്ടെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കരയിലെ വന്‍ വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പുകഴ്ത്തി ഹൈബി ഈഡന് എംപിയും രംഗത്ത് വന്നിരുന്നു.
പിന്നില്‍ ചേര്‍ന്ന് നില്ക്കാന് ഇഷ്ടമാണ്… ക്യാപ്റ്റന്‍ (ഒറിജിനല്‍) എന്നാണ് ഹൈബി ഈഡന് വിഡി സതീശന്റെ പിറകില്‍ നടക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പറഞ്ഞിരിക്കുന്നത് കോണ്‍ഗ്രസ് അണികള്‍ വളരെ ആവേശത്തോടെയാണ് ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.
കണ്ടം റെഡിയല്ലെ, റൈറ്റ് ഓക്കെ ഓടിക്കോ, എന്ന പേരില്‍ ഹൈബി ഈഡന്റെ ഭാര്യ ലിന്റയും ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. യുവ എംഎല്‍എമാരുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് അപ്പുറം കളത്തിലറങ്ങിയുള്ള പ്രചരണം കൂടി സജീവമായിരുന്നെങ്കില്‍ ഇടതുപക്ഷം ഇതിലും വലിയ തോല്‍വി ഏറ്റുവാങ്ങുമായിരുന്നെന്നും വിമര്‍ശനം വന്നു.
അതേസമയം തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമായിരുന്നു. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യുമായിരുന്നു എന്നതാണ് തൃക്കാക്കരയുടെ വീറും വാശിയുമായി മാറിയത്. വിഡി എന്ന ക്യാപറ്റന് തന്ത്രങ്ങളുടെ തമ്പുരാനായപ്പോള്‍ ഇടതു പക്ഷത്തിന്റെ സെഞ്ച്വറി പാഴയതു മാത്രമല്ല ചരിത്ര വിജയം കൂടിയാണ് യുഡിഎഫ് നേടിയത് എന്നതും ശ്രദ്ധേയമാണ്.