ചെങ്ങന്നൂർ: രാഷ്ട്രീയ കേരളം ഒത്തു നോക്കിയ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തിളക്കമാർന്ന വിജയം നേടി. കെ.കെ.ആറിന്റെ പിൻഗാമിയായി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 20,542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫലത്തിൽ ഇത് പിണറായിയുടെയും സർക്കാരിന്റെയും വിജയമായി കണക്കാക്കപെടുകയാണ്.
സജിക്ക് 61,584 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 43,263 വോട്ടേ കിട്ടിയുള്ളൂ. കഴിഞ്ഞ തവണ 42,682 വോട്ട് നേടിയ ബി.ജെ.പിയുടെ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് ഇത്തവണ 32,449 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ൽ 7983 ആയിരുന്നു എൽ.ഡി.എഫിന്റെ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായർക്ക് ലഭിച്ച ഭൂരിപക്ഷം. ചെങ്ങന്നൂരിലെ തന്നെ എക്കാലത്തേയും മികച്ച ഭൂരിപക്ഷമാണിത്. 40 പോസ്റ്റൽ വോട്ടുകളും സജി ചെറിയാന് തന്നെ ലഭിച്ചു.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരന്പരാഗത പഞ്ചായത്തുകളിൽ പോലും സജി ചെറിയാൻ അനായാസം പിടിച്ചു കയറി. സംസ്ഥാന സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കരുതിയ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഭരണത്തെ അംഗീകരിച്ചു എന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. സർക്കാരിനെതിരായ വികാരം മുതലാക്കാൻ കഴിയാതെ പോയതും പ്രചാരണ പരിപാടികളിൽ വേണ്ടത്ര മുന്നേറാനാകാതെ പോയതും യു.ഡി.എഫിന് ക്ഷീണമായി.
ആദ്യ റൗണ്ട് മുതൽ ലീഡ് വിട്ടുകൊടുക്കാതെയാണ് സജി ചെറിയാൻ തിളക്കമാർന്ന വിജയത്തിലേക്ക് നീങ്ങിയത്. പ്രതീക്ഷിച്ച കോട്ടകൾപോലും തകർന്നതിന്റെ നിരാശ കോൺഗ്രസ്, ബി.ജെ.പി കേന്ദ്രങ്ങളിൽ തുടക്കംമുതൽ വ്യക്തമായിരുന്നു.
ഇടയ്ക്കിടെ ലീഡ് നിലയിൽ ചെറിയ ഏറ്റക്കുറച്ചിൽ വന്നെങ്കിലും ഒരിക്കൽപോലും സജി ചെറിയാനെ പിന്നിലാക്കാൻ കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികൾക്കായില്ല. ത്രികോണ മത്സരത്തിൽ കോൺഗ്രസ് രണ്ടാംസ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഡി. വിജയകുമാറിനെ രംഗത്തിറക്കിയത്. മണ്ഡലത്തിലെ ഏറ്റവും വലിയ സ്ഥാനാർത്ഥിയും ആയിരുന്നു വിജയകുമാർ.
പി.എസ്. ശ്രീധരൻപിള്ളയെ വീണ്ടും രംഗത്തിറക്കി അട്ടിമറി വിജയ പ്രതീക്ഷയോടെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ബി.ഡി.ജെ.എസിന്റെ നിസഹകരണം ബി.ജെ.പിക്ക് തിരിച്ചടിയായെങ്കിൽ മാണി ഗ്രൂപ്പിന്റെ പിന്തുണ യു.ഡി.എഫിനെയും തുണച്ചില്ല.
പത്ത് പഞ്ചായത്തുകളും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും അടങ്ങിയ മണ്ഡലത്തിൽ മാന്നാർ പഞ്ചായത്തിലെ വോട്ടാണ് ആദ്യം എണ്ണിയത്. യു.ഡി.എഫ് സ്വാധീനമുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് മുന്നേറ്റം ഉണ്ടായതോടെ ട്രെൻഡ് എങ്ങോട്ടാണെന്ന സൂച വ്യക്തമായി. തൊട്ടുപിന്നാലെ പാണ്ടനാടിലും ഫലം എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പെട്രോൾ വില വർദ്ധന ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അത് തിരിച്ചടിയായെന്നും വിലയിരുത്താം.