കൊച്ചി: ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. മണ്ഡലത്തിലെ എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നീക്കം. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ കെ സുധാകരന് കത്തിലൂടെ ആവശ്യപ്പെട്ടു.
ദേവികുളത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ പരാതിയാണ് എ രാജയുടെ അയോഗ്യതയിലേക്ക് നയിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എ രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന് ഹര്ജിക്കാരന് വാദിച്ചു. എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി കുമാറിനെ രാജ തോല്‍പ്പിച്ചത്.