ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകാനാണ് കൂടുതല്‍ സാധ്യതയെന്ന് എഐസിസിയിലെ മുതിന്ന നേതാക്കാള്‍ സൂചന നല്‍കിയിട്ടുണ്ട്.
രാഹുലിനായി കര്‍ണാടകത്തിലെ ബിദാര്‍ മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇന്ന് കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ പങ്കെടുക്കും.
തെക്കേ ഇന്ത്യയില്‍ താന്‍ സ്ഥാനാര്ഥിയാകണമെന്നാവശ്യം ന്യായമാണെന്ന് ഹിന്ദി ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്‍ജേവാല പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.