സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അപകടങ്ങളും വര്‍ദ്ധിക്കുമ്പോഴും തലസ്ഥാനത്ത് പൊലീസിന്റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ജില്ലയിലെ പ്രധാന മേഖലകളിലെ കാമറകള്‍ നിശ്ചലമാണ്. വിഷയത്തില്‍ കാമറകളുടെ കണക്കെടുക്കാന്‍ നിദേശം നല്കി മേയര്‍ ആര്യ രാജേന്ദ്രന്. അടിയന്തര പരിഹാരമാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ഭാഗങ്ങളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു.
പ്രഭാത നടത്തത്തിനായി മ്യൂസിയത്തെത്തിയ യുവതി ആക്രമിക്കപ്പെട്ടിട്ട കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പാന്‍ കാരണം കാമറയില്ലാത്തത്. മ്യൂസിയത്തിന് പുറത്ത് എവിടെയൊക്കെ കാമറയില്ലെന്ന് കൃത്യമായി പൊലീസ് പറയുന്നില്ല. പൊലീസ് കാമറകള്‍ നോക്കുകുത്തിയാകുമ്പോള്‍ കേസ് അന്വേഷണത്തില്‍ പലപ്പോഴം പൊലീസ് ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള കാമറകളെയാണ്.
മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിന്റെ അപകട മരണത്തിന് ശേഷം സിസിടിവികള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. റെഡ് ബട്ടണ്‍ അടക്കം സ്ത്രീ സുരക്ഷക്കായി കൊണ്ടുവന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ല. തിരുവനന്തപുരം കഴക്കൂട്ടത്തും കവടിയാറും റെഡ് ബട്ടണ്‍ എന്ന പേരില്‍ ഒരു ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷക്കെന്ന പേരില്‍ കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി കൊണ്ട് ഒരു ഉപകാരം ഇതേവരെ ഉണ്ടായിട്ടില്ല.