റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചംപായ് സോറന് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ, ഝാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചംപായ് സോറന്റെ ബി.ജെ.പി പ്രവേശം.
നരേന്ദ്ര മോദിയെ വിശ്വസിക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള സോറന്റെ പ്രതികരണം. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ചംപയ് സോറന്റെ രാഷ്ട്രീയ മാറ്റം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറന് കൂടിക്കാഴ്ച നടത്തിയിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവുകൂടിയായ ചംപയ് സോറന്റെ രാഷ്ട്രീയ മാറ്റം തിരഞ്ഞെടുപ്പില്‍ ജെഎംഎമ്മിനെ ബാധിക്കുമെന്നതില്‍ സംശയമില്ല.
സര്‍ക്കാരിന്റെ പ്രവര്‍ത്തശൈലിയും നയങ്ങളുമാണ് പാര്‍ട്ടിവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാരോപിച്ച് ഈ മാസം 28-ന് ജെ.എം.എമ്മില്‍നിന്ന് സോറന് രാജിവെച്ചിരുന്നു. കഴിഞ്ഞമാസം ഹേമന്ത് സോറന് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അദ്ദേഹം, മന്ത്രിപദവും എം.എല്‍.എ സ്ഥാനവും ഉള്‍പ്പെടെയാണ് രാജിവെച്ചത്.