ഇന്‍ഡ്യയില്‍ കണ്‍വീനര്‍ സ്ഥാനത്തെയും സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വീതം വയ്ക്കുന്നത് സംബന്ധിച്ചും തര്‍ക്കം. 224ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ മൂന്നാമത് യോഗം വ്യാഴാഴ്ച മുംബൈയില്‍ തുടങ്ങാനിരിക്കെയാണ് തര്‍ക്കം.
വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖ രൂപപ്പെടുത്തുന്നത് യോഗത്തിന്റെ അജണ്ടയാകും. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റെടുക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ആലോചനയുണ്ടാകും. ഇതിനായി ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്ന വിഷയവും യോഗം ചര്‍ച്ച ചെയ്യും. മുംബൈ യോഗത്തില്‍ ഇന്‍ഡ്യയുടെ ലോഗോയുടെ കാര്യത്തിലും തീരുമാനമാകുമെന്നാണ് വിവരം.
മുംബൈയില്‍ യോഗം നടക്കുന്ന സാഹചര്യത്തില്‍ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് ശരദ് പവാറിനെയാണ്. എന്‍സിപി പക്ഷത്തെ പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാറുമായി കഴിഞ്ഞ ദിവസങ്ങളില്‍ ശരദ് പവാര്‍ ആശയവിനിമയം നടത്തിയത് ഇന്‍ഡ്യാ സഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ശരദ് പവാറിനെ ഇന്‍ഡ്യയുടെ മുന്നണിയില്‍ നിര്‍ത്തി തന്നെ മുന്നോട്ടു പോകാനുള്ള ധാരണയിലാണ് ഇന്‍ഡ്യാ സഖ്യം.
മുബൈയിലേത് പ്രതിപക്ഷ പാര്‍ട്ടികളുടെ അവസാന യോഗമായിരിക്കണമെന്ന നിലപാടാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം ഉയര്‍ത്തുന്നത്. ഓരോ പാര്‍ട്ടിക്കും അവരുടെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അതാണ് ഉചിതമെന്ന നിലപാടാണ് ഉദ്ദവ് വിഭാഗത്തിന്. ഇതിനിടെ രാഹുല്‍ ഗാന്ധിയെ കണ്‍വീനറാക്കാനുള്ള നീക്കത്തോട് ആം ആദ്മി പാര്‍ട്ടിക്ക് വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ ഖാര്‍ഗെക്കും താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ താല്‍പ്പര്യങ്ങളെക്കാള്‍ പ്രതിപക്ഷ ഐക്യത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിനാണ് പ്രധാന്യമെന്ന് നേരത്തെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇന്‍ഡ്യയുടെ കണ്‍വീനറാകുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചു ചോദ്യത്തിന് മറുപടിയായായിരുന്നു നിതീഷിന്റെ പ്രതികരണം.
കൂടുതല്‍ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കമെന്നും സൂചനയുണ്ട്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഏതാനും പാര്‍ട്ടികള്‍ കൂടി മുംബൈ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് ശിവസേന താക്കറെ വിഭാഗം നേതാവ് ഉദ്ദവ് താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു.