കേരളീയരെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു പ്രണയവിവാഹത്തിന്റെ പേരിൽ നടന്ന കൊല. പ്രണയം ഒരു കുറ്റമല്ല. പിന്നെ എന്തിനാണ് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തതിന്റെ പേരിൽ ഒരു യുവാവിന്റെ ജീവൻ അപഹരിച്ചത്? മിശ്രവിവാഹമായിരുന്നു അത്. പെൺകുട്ടിയാകട്ടെ, മിശ്രവിവാഹിതരായ ദമ്പതിമാരുടെ മകളും. മിശ്രവിവാഹിതരായ മാതാപിതാക്കൾ തങ്ങളുടെ മകളുടെ വിവാഹത്തെ അനുകൂലിക്കുന്നതിനു പകരം പ്രതികാരബുദ്ധ്യാ സമീപിച്ചത് ശരിയാണോ?
കെവിന്റെ കുടുംബത്തെയും കെവിൻ പ്രണയിച്ച നീനുവിനെയും മാത്രമല്ല, കേരളീയസമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്. ഇവിടെ പ്രതികാരമുണ്ടായത് ആർക്കാണ്? പെൺകുട്ടിയുടെ ബന്ധുക്കൾക്ക്. ഉത്തരേന്ത്യയിൽ കാണുന്ന രീതിയിലുള്ള കൊലപാതകമായി കേരള മനഃസാക്ഷിയെ ഞെട്ടിച്ച കോട്ടയത്തെ കൊലപാതകം മാറിയതിന് ആരാണ് ഉത്തരവാദി?. പ്രതികളിൽ ഭൂരിപക്ഷവും ബന്ധുക്കളോ അവരുടെ കുടുംബസുഹൃത്തുക്കളോ ആണ്. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും പിന്നിൽ പ്രേരകമായ ഏക ഘടകം ബന്ധുത്വമാണ്, അല്ലാതെ രാഷ്ട്രീയമല്ല.
വസ്തുത ഇതായിട്ടും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു ദിവസം തങ്ങൾക്കു കിട്ടിയ രാഷ്ട്രീയ പ്രചരണ ആയുധം എന്ന നിലയിലാണ് പ്രതിപക്ഷം കോട്ടയം സംഭവത്തെ ഹീനമായി ഉപയോഗിച്ചത്. അതാണ് പോലീസ് സ്റ്റേഷനിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളേജിലും അരങ്ങേറിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം കാണാനും കെവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനും എത്തിയവരുടെ കയ്യിൽ കൊടികളാണ് കണ്ടത്. അത് രാഷ്ട്രീയ പാർട്ടികളുടെ കൊടികളായിരുന്നു. ദുഃഖസൂചകമോ പ്രതിഷേധസൂചകമോ ആയ കറുത്ത കൊടി ആയിരുന്നില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു പൊറാട്ട് നാടകം ഉണ്ടാകുമായിരുന്നില്ല.
തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച പരാതി കിട്ടിയ ഉടൻ നടപടിയെടുക്കാതിരുന്ന എസ്ഐക്ക് പറ്റിയ വീഴ്ച ഗുരുതരമാണ്. അതിന് മണിക്കൂറുകൾക്കുള്ളിൽ നടപടിയുമുണ്ടായി. ഇതിനെല്ലാം മേൽനോട്ടം വഹിക്കേണ്ട ചുമതലയുള്ള എസ്.പി.യെയും സ്ഥലം മാറ്റി. മാധ്യമങ്ങളാവട്ടെ, എസ്ഐയുടെ കുറ്റത്തെ മറച്ചുപിടിക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷാവാദമാണ് ഉയർത്തിയത്. ഇവിടെ സർക്കാർ വിരുദ്ധരാഷ്ട്രീയമാണ് പ്രകടമായത്. പ്രതികളിൽ ചിലർ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. അവരെ പുറത്താക്കാനുള്ള ആർജ്ജവം ഡിവൈഎഫ്ഐക്കുണ്ടായി. എന്നാൽ കോൺഗ്രസ്സുകാരായ പ്രതികളുടെ മേൽ യാതൊരു നടപടിയും കോൺഗ്രസ് സ്വീകരിച്ചില്ല. ഇതെങ്കിലും മാധ്യമങ്ങൾ തുറന്നുകാട്ടേണ്ടതായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥന്മാർക്ക് വീഴ്ച പറ്റിയെങ്കിലും പ്രത്യേകഅന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ പ്രധാന പ്രതികളെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. കുറ്റവാളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ഫലപ്രദവും ശാസ്ത്രീയവുമായ അന്വേഷണമാണ് നടന്നുവരുന്നത്.
ചില മാധ്യമങ്ങളെ ഉപയോഗിച്ച് പ്രശ്നങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും യഥാർത്ഥ വസ്തുത ജനങ്ങളിൽ നിന്ന് തമസ്കരിക്കാനും രണ്ടുനാൾ കഴിഞ്ഞു എന്നല്ലാതെ കോട്ടയം സംഭവത്തെ സർക്കാർ വിരുദ്ധ പ്രചാരവേലയ്ക്ക് ഉപയോഗിച്ചവർക്ക് മറ്റെന്ത് നേട്ടമാണുണ്ടായത്? മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ പോലും ചിലർ ഒരുമ്പെട്ടു. സർക്കാർ എന്തുതെറ്റാണ് ചെയ്തത്? സർക്കാറിന്റെ ശ്രദ്ധയിൽപെട്ട ഉടൻ കുറ്റക്കാരായ പോലീസുകാരുടെ പേരിൽ നടപടിയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റുചെയ്യുകയും ചെയ്തില്ലേ? ജനങ്ങൾ വിലയിരുത്തട്ടെ. ജനങ്ങളെ ശരിയായി വിലയിരുത്താൻ അനുവദിക്കാതെ മാധ്യമങ്ങളിലൂടെ കള്ളപ്രചരണം നടത്തുമ്പോൾ അതു തിരിച്ചറിയാൻ കൂടി നമുക്ക് കഴിയണം.
കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്നതുപോലെയാണ് പ്രതികളെ കണ്ണൂരിൽ വെച്ച് അറസ്റ്റുചെയ്തതിനെക്കുറിച്ച് ബിജെപിയുടെ ഒടുവിലത്തെ പ്രതികരണം. പ്രതികൾ ഏതുമാളത്തിൽ ഒളിച്ചാലും പിടിക്കുക തന്നെ ചെയ്യുമെന്ന നിശ്ചയദാർഢ്യമാണ് കേരളത്തിനകത്തും പുറത്തുമുള്ള അറസ്റ്റ്. പ്രതികൾ ഏത് രാഷ്ട്രീയത്തിൽപെട്ടവരായാലും കുറ്റവാളികളാണെങ്കിൽ കണ്ടെത്തുകതന്നെ ചെയ്യും. സർക്കാർ വേട്ടക്കാരോടൊപ്പമല്ല, ഇരകൾക്കൊപ്പമാണ്.