അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോങ്ങളും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. കെപിസിസി പ്രസിഡന്റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. യുഡിഎഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല. കേസ് വിടുന്ന പ്രശനമില്ല. നിയമപരമായി ഈ ആരോപണത്തെ നേരിടും. ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തു വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റൂമറുകള്‍ വെച്ചിട്ട് പാര്‍ട്ടി ഒരു കാര്യം ഇപ്പോള്‍ പറയുന്നില്ല. ടി പി ഹരീന്ദ്രനെകൊണ്ട് ആരോ പറയിപ്പിച്ചതാണെന്ന് പാര്‍ട്ടിക്ക് സംശയമുണ്ട്. ചെറിയവരും, വലിയവരും ഉള്‍പ്പെടുന്ന മൂന്നാലുപേരെ സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അരിയില്‍ ഷുക്കൂറിനുവേണ്ടി നിയമപോരാട്ടം നടത്താന്‍ താന്‍ മുന്നിലുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ടി പി ഹരിന്ദ്രന്റെയും, പ്രാദേശിക ചാനലിന്റേയും ഭാഷാപ്രയോഗം പോലും വളരെ മോശമാണ്. ആരോപണത്തിനെതിരെ മുസ്ലീം ലീഗ് കേസുമായി മുന്നോട്ട് പോകും. വേണ്ടി വന്നാല്‍ താന്‍ തന്നെ ഈ കേസ് നടത്താന്‍ മുന്നിട്ടിറങ്ങും. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ നീങ്ങാതെ കഴിയില്ല. ഷുക്കൂര്‍ കേസ് ആയുധമാക്കി ഉപയോഗിച്ചവരെ പുറത്തുകൊണ്ടുവരും. അവസാനം വരെ അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വ ഹരീന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് അന്നത്തെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് താന്‍ ഒരിക്കലും ഹരീന്ദ്രനെ ബന്ധപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല. ടി പി ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നില്‍ ആരെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.