തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ കുമ്മനം രാജശേഖരന്. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് കുമ്മനം രാജശേഖരന് വ്യക്തമാക്കി . വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് മുതിർന്ന നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാല്‍ ഇന്നലെ അറിയിച്ചെങ്കിലും കുമ്മനം രാജശേഖരന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. കുമ്മനം മത്സരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കുമ്മനം സമ്മതമറിയിച്ച് കഴിഞ്ഞു. ഇനി കേന്ദ്രനേതൃത്വം ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയേ വേണ്ടൂ. നാളെ മുതൽ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നായിരുന്നു ഒ രാജഗോപാൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ബിജെപി ഉൾപ്പെടുത്തിയത്. വട്ടിയൂർക്കാവിൽ 2011-ലും 2016-ലും ശക്തമായ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016-ൽ കെ മുരളീധരന്റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. അന്ന്, സിപിഎമ്മിനായി മത്സരിച്ച ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.