ലക്നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പോലീസ് സ്റ്റേഷനുമുന്നില്‍ ദമ്ബതികള്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്ഷന്. ബുധനാഴ്ച രാവിലെ സുരിര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് ദമ്ബതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഗ്രാമത്തിലെ ചിലര്‍ തങ്ങളെ ഉപദ്രവിക്കുന്നെന്ന പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജോഗീന്ദര്‍ (40) ഭാര്യ ചന്ദ്രാവതി എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് സ്റ്റേഷനില്‍ രാവിലെ എത്തിയ ദമ്ബതികള്‍ കൈയില്‍ കരുതിയ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. പോലീസുകാര്‍ ഉടന്‍ തന്നെ തീയണച്ചു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ ഇരുവരെയും ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോഗീന്ദറും ഭാര്യയും സുരീറിലെ ഇഷ്ടിക ചൂളയിലാണ് പണിയെടുക്കുന്നത്. ഇവരുടെ ഭൂമി തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ചിലരാണ് ഉപദ്രവിക്കുന്നതെന്നും മഥുര എസ്പി ശലഭ് മാത്തൂര്‍ പറഞ്ഞു. ജോഗീന്ദറുടെ പരാതിയില്‍ ഈ മാസം 23 ന് കേസെടുത്തങ്കിലും പോലീസ് പ്രതികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം.