തിരുവനന്തപുരം: രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തെ പുറത്താക്കി. സി.പി.എം. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിയംഗം സി. രവീന്ദ്രന്നായരെയാണ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ രവീന്ദ്രന്‍നായര്‍ കുറ്റംചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്ഷന്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന വഞ്ചിയൂര്‍ സ്വദേശി വിഷ്ണുവിന്റെ രക്തസാക്ഷിഫണ്ടിലെ തുക തട്ടിയെടുത്തതായാണ് ആരോപണം. ജില്ലാ സെക്രട്ടറി വി. ജോയിക്കായിരുന്നു അന്വേഷണച്ചുമതല.
2008-ല്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടിയും കേസ് നടത്തുന്നതിനുമായി പാര്‍ട്ടി പിരിച്ച തുകയിലെ അഞ്ചുലക്ഷം രൂപ തിരിമറിനടത്തിയെന്നാണ് ആരോപണം. ആ സമയത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍നായരുടെ അക്കൗണ്ടിലൂടെയായിരുന്നു ധനസമാഹരണം.
സമാഹരിച്ച 11 ലക്ഷത്തോളം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് നല്കി. ശേഷിച്ച തുക കേസ് നടത്തിപ്പിനായി മാറ്റിവെച്ചിരുന്നു. ഇതില്‍നിന്ന് അഞ്ചുലക്ഷം രൂപ രവീന്ദ്രന്‍നായരുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചിരുന്നു.
Content Highlights: thiruvananthapuram cpm martyr fund fraud area committee member suspended