കോഴിക്കോട്: നിയമസഭാ സംഘര്‍ഷത്തില്‍ പരുക്കേറ്റ വടകര എംഎല്‍എ കെ കെ രമയ്ക്ക് വധഭീഷണി. സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി ഏപ്രില്‍ 20 നുളളില്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് എംഎല്‍എക്ക് ഭീഷണി കത്ത് ലഭിച്ചത്.
സ്പീക്കറുടെ ഓഫീസിന് മുമ്പില്‍ നടന്ന സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു. കൈയ്ക്ക് എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എംആര്‍ഐ സ്കാന്‍ പരിശോധിച്ച ശേഷമാണ് നിര്‍ദേശം. എംഎല്‍എയുടെ കയ്യിലെ ലിഗ്മെന്റില് വിവിധ ഭാഗങ്ങളില്‍ പരുക്കേറ്റിട്ടുണ്ടെന്ന് എംആര്‍ഐ സ്കാനിലൂടെ വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
പരാതികള്‍ ചവറ്റുകൊട്ടയില്‍ തന്നെ
കൈക്ക് പ്ലാസറ്ററിട്ടതിനെ പരിഹസിച്ച് സച്ചിന് ദേവ് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പരുക്ക് വ്യാജമാണെന്ന രീതിയില്‍ വ്യാജ എക്സറേ ദൃശ്യങ്ങളടക്കം ഉല്പ്പെടുത്തിയായിരുന്നു പോസ്റ്റ്. സംഭവത്തില്‍ സച്ചിന് ദേവ് എംഎല്‍എക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും കെ കെ രമ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ സൈബര്‍ പൊലീസ് സച്ചിന് ദേവിനെതിരെ നടപടി എടുത്തിട്ടില്ല. സച്ചിന് ദേവിന്റെ പോസ്റ്റ് ആണ് തനിക്കെതിരെയുളള സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടതെന്ന് രമ പരാതിയില്‍ പറഞ്ഞിരുന്നു.