സോളാര്‍ പീഡന കേസില്‍ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദില്ലിയില്‍ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം ഇന്നും മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. പറയാനുള്ളപ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവന്‍ സോളാര്‍ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
അതേസമയം വിവാദങ്ങള്‍ക്കിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം വിശദീകരണം നല്‍കും. തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.പി.ജയരാജന് നല്കിയ മറുപടി.
അനധികൃത സ്വത്തുസമ്പാദനമെന്ന പി.ജയരാജന് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാന്‍ ഇ.പി എത്തില്ലെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ പൊതുസമൂഹത്തിനു മുന്നില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ഇ.പിയുടെ തീരുമാനം.’