ന്യൂഡല്‍ഹി: റാഫേല്‍ കരാരില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുന്നയിക്കുമ്ബോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രംഗത്തെത്തിയ ശരദ് പവാറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍.സി.പിയില്‍ നിന്നു രാജിവച്ചതായി മുതിര്‍ന്ന നേതാവും എം.പിയും പവാറിന്റെ അടുത്ത കൂട്ടാളിയുമായ താരിഖ് അന്‍വര്‍ രാജിവച്ചു.
‘പവാര്‍ സാഹബിന്റെ പരാമര്‍ശത്തില്‍ വേദനിച്ച് ഞാന്‍ രാജിവച്ചു. റാഫേല്‍ കരാര്‍ അഴിമതിയില്‍ അന്വേഷണം നിര്‍ബന്ധമാണ്’ താരിഖ് അന്‍വന്‍ പ്രതികരിച്ചു. ബിഹാറിലെ കൈത്താറില് നിന്നുള്ള എം.പിയാണ് താരിഖ് അന്‍വര്‍. രണ്ടു പതിറ്റാണ്ടു മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍.സി.പി രൂപീകരിച്ചതില്‍ പ്രധാനപ്പെട്ടയാളാണ് താരിഖ് അന്‍വര്‍. മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സാങ്മയോടൊപ്പമായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള രാജി.
കഴിഞ്ഞദിവസമാണ് ശരദ് പവാര്‍ മോദി അനുകൂല പരാമര്‍ശം നടത്തിയത്. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലില്‍ ജനങ്ങള്‍ക്ക് സംശയമില്ലെന്നായിരുന്നു പ്രസ്താവന. കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നത് മണ്ടത്തരമാണെന്നു കൂടി പവാര്‍ പറഞ്ഞുവച്ചു. പ്രതിപക്ഷം ഒന്നടങ്കം മോദിക്കെതിരെ ഈ വിഷയത്തില്‍ ആഞ്ഞടിക്കുമ്ബോഴാണ് ശരദ് പവാറിന്റെ പിന്തിരിഞ്ഞുപോക്ക്. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം.