നാഗ്പൂര്‍: ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സെഡ് പ്ലസില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമായിട്ടുള്ളതാണ് സുരക്ഷാക്രമീകരണം.
സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഒരുക്കുന്നത്. പുതിയ സംരക്ഷണത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. മോഹന്‍ ഭാഗവത് സഞ്ചരിക്കുന്ന വഴികളില്‍ ഇനി മുതല്‍ കനത്ത സുരക്ഷയായിരിക്കും ഒരുക്കുക.
വിമാന യാത്രയ്ക്കും ട്രെയിന്‍ യാത്രയ്ക്കും പ്രത്യേക സുരക്ഷകളാണ് ഒരുക്കുക. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെലികോപ്റ്ററില്‍ മാത്രമേ യാത്ര അനുവദിക്കൂ. അദ്ദേഹത്തിന്റെ ട്രെയിന്‍ യാത്രയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിന്റെ ഉള്ളിലും സമീപത്തുമായി കര്‍ശനമായ പരിശോധന നടത്തിയ ശേഷമായിരിക്കും യാത്ര തുടരുക.
തീവ്ര ഇസ്ലാമിക സംഘടനകളുടെ ലക്ഷ്യം മോഹന്‍ ഭാഗവതാണെന്ന് ഡല്‍ഹിയില്‍ നിന്നുള്ള വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്ശിക്കുന്നതിനിടയിലെ മോഹന്‍ ഭാഗവതിന്റെ സുരക്ഷയെ കുറിച്ചുള്ള അവലോകനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.