ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
മറ്റൊരു ഹര്‍ജിയില്‍ മുഹമ്മദ് അലീം സയീദ് എന്ന നിയമബിരുദധാരിക്ക് അനന്ത്നാഗിലുള്ള തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനും കോടതി അനുമതി നല്കി. ഇതിനിടെ കശ്മീരിന് പ്രത്യേക അവകാശം നല്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള എട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു.