കോതമംഗലം : കൃഷിക്കും മനുഷ്യജീവനും ഭീഷണിയായി മാറിയ കാട്ടുപോത്തിനെയും കാട്ടുപന്നിയെയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. വന്യമൃഗശല്യം ഉള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണില്‍ നിന്ന് കര്‍ഷകനെ അകറ്റിനിര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പി.ജെ. ജോസഫ് കുറ്റപ്പെടുത്തി.
മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി. ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുന്‍മന്ത്രി ടി.യു. കുരുവിള ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലത്തു നടന്ന സമാപനസമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി. തോമസ്, മോന്‍സ് ജോസഫ് എം.എല്‍.എ., ജോയ് എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്, ജോസഫ് എം. പുതുശ്ശേരി, അപ്പു ജോണ്‍ ജോസഫ്, സി. മോഹനന് പിള്ള, എം.പി. ജോസഫ്, സേവി കുരിശുവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.