രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ അതൃപ്തിയോടെ പ്രതിപക്ഷം. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അത് മൂന്നും നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. കൊവിഡ് മരണ നിരക്കിലെ പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കണം. ബജറ്റിലെ കാര്യങ്ങള്‍ നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിലെ കാര്യങ്ങള്‍ ബജറ്റിലുമായി വരുന്നതാണ് കണ്ടത്. സര്‍ക്കാരിന് സ്ഥലജല വിഭ്രാന്തിയെന്ന് സംശയെമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഒന്ന്, മഹാമാരിയുടെ പശ്ചാലത്തില്‍ ഒരു പുതിയ ആരോഗ്യ നയം കേരളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആവശ്യമായ മുന്‍കരുതലും നടപടികളും എടുക്കാന്‍ രണ്ടാം തരംഗത്തിന് മുന്നോടിയായി കഴിഞ്ഞില്ല. ഇനി മൂന്നാം തരംഗം വരുമ്പോളേക്കും സംസ്ഥാനത്ത് ഒരു പ്രത്യേക ആരോഗ്യ നയം വേണമായിരുന്നു. അതില്ലാതെ പോയത് ദൗര്‍ഭാഗ്യമാണ്.
രണ്ട്, കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചാണ്. കൊവിഡ് രണ്ടാം തരംഗത്തിലും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഖകരമാകില്ല. വിദ്യാഭ്യാസ വിഷയത്തില്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ഒരു ബദല്‍ സംവിധാനം സര്‍ക്കാരില്‍ നിന്ന് നയപ്രഖ്യാപനത്തില്‍ പ്രതീക്ഷിരുന്നു. അതുണ്ടായില്ല.
മൂന്ന്, വരും ദിവസങ്ങളില്‍ കാലവര്‍ഷമെത്തുകയാണ്. കൊവിഡും മഴയും സൃഷ്ടിക്കുന്ന വിപത്തുകളെ നേരിടാന്‍ സര്‍ക്കാര്‍ ഒരു പുതിയ ദുരന്ത നിവാരണ നയം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. അതുമുണ്ടായില്ല.
ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി കൊടുക്കുന്നുണ്ടെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് വൈകിയുള്ള പെന്ഷന് തുക 15,000 കോടി കൊടുത്ത് അത് നികത്തുകയും ചെയ്യുകയാണ്. ഇത് രണ്ടും എങ്ങനെ ചേര്‍ന്ന് പോകുന്നു എന്ന് മനസിലാകുന്നില്ല. ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ വൈരുദ്ധ്യം ഉണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.