ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചു. ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്ടോപ്പില്‍ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റ വിശദീകരണം.
ഇപിക്കെതിരായ ആരോപണത്തില്‍ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ജയരാജന് വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. നേരത്തെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതൊക്കെ വ്യാഖ്യാനങ്ങള്‍ മാത്രം.ജയരാജന് വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കും. സിപിഎമ്മിനോട് മൃദുസമീപനം ഇല്ല. വിഷയാധിഷ്ടിതം ആണ് പ്രതികരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിന് ഒരു സ്വരമേയുളളു രണ്ട് സ്വരമില്ല. ഇപി ജയരാജനുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഞാന്‍ ഇപ്പോഴാണ് മാധ്യമങ്ങളെ കാണുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ അവിടെ ഉളളപ്പോഴും, അധികാരമൊഴിഞ്ഞാലും ആരോപണങ്ങള്‍ വന്നാല്‍ അതില്‍ പൊതു സമൂഹത്തിന് ബോധ്യം വരുത്തുന്ന അന്വേഷണം നടത്തണം. 30ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുളള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. വിലക്കയറ്റത്തില്‍ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എംഎല്‍എയുടെ പ്രസ്താവനയില്‍ ലീഗ് നേതാക്കളായ കെപിഎ മജീദും, കെഎം ഷാജിയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസുമടക്കമുളളവര് എതിര്‍പ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി മുന്നോട്ടു വന്നത്.
ഇപി ജയരാജനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ പിണറായി വിജയനാണെന്നായിരുന്നു കെ എം ഷാജിയുടെ വാദിച്ചത്. ഇതിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണെന്നും ഷാജി ആരോപിച്ചിരുന്നു. റിസോര്‍ട്ടില്‍ അടിമുടി ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടില്‍ വലിയ സംശയങ്ങളുണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാന്‍ പറ്റില്ല, അന്വേഷിക്കണമെന്നായിരുന്നു കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചത്.