ഒരു ഫുട്ബോല്‍ ടീമില്‍ ഗോളി എങ്ങനെയാണോ ടീമിനെ പിടിച്ചു നിര്‍ത്തുന്നത് അത് പോലെയാണ് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തകരെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിനെ വേദിയിലിരുത്തിയാണ് എംഎല്‍എയുടെ ഈ വാക്കുകള്‍.
എത്ര വലിയ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടെങ്കിലും കളി ജയിച്ചു കൊള്ളണമെന്നില്ല. ഗോളടിക്കുന്നവനാണ് സ്റ്റാര്‍ ആകുക. അവരുടെ ഫ്ളെക്സ് ബോര്‍ഡുകളാവും വരിക. ഫോര്‍വേഡ് കളിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ലൈം ലൈറ്റും പ്രാധാന്യവും ലഭിക്കുകയെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
പക്ഷെ അതേ സമയം തന്നെ ആ ടീമിനെ പിടിച്ചു നിര്‍ത്തുന്ന ഒരു ഗോളിയുണ്ട്. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഗോളിയെന്നാണ് ഞാന്‍ കരുതുന്നത്. അവരെ നിരാശരാക്കുന്ന ഒരു നിലപാടും സമീപനവും പാര്‍ട്ടി നേതാക്കന്മാരില് നിന്ന് ഉണ്ടാവരുത് എന്നാണ് ആഗ്രഹം.
ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്ന ആളുകളുമുണ്ടാവും. എതിരാളികളെയാണ് അല്ലാതെ കൂട്ടത്തിലുള്ളവരെയല്ല ഫൗള്‍ ചെയ്യേണ്ടതെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ശശി തരൂര്‍ വിഷയത്തില്‍ ഫുട്ബോളിനെ കൂട്ട് പിടിച്ച് തന്റെ നിലപാട് വ്യക്തമാക്കിയതാണ് മാത്യു കുഴല്നാടനെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.