പാലക്കാട്; പീഡനം അടക്കം നിരവധി വിവാദങ്ങളില്‍ അകപ്പെട്ട് പാര്‍ട്ടിക്ക് അപമതിപ്പുപണ്ടാക്കിയ മുന്‍ എം.എല്‍.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പങ്കെടുത്ത യോഗത്തിലാണു തീരുമാനം. വിഭാഗീതയെ തുടര്‍ന്നാണ് തരംതാഴ്ത്തല്‍ എന്നാണ് വിശദീകരണം. നിലവില്‍ കെ.ടി.ഡി.സി ചെയര്‍മാനാണ് ശശി.
പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ ശശിക്കെതിരായ നടപടി പിന്നീട് സ്വീകരിക്കും. വി.കെ.ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി.
വിഭാഗീയതയെ തുടര്‍ന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്ന് നാലുപേരെ ഒഴിവാക്കി. അഞ്ചുപേരെ തിരിച്ചെടുക്കുകയും ചെയ്തു. ഏരിയ കമ്മിറ്റിയിലേക്കുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടും വോട്ടെടുപ്പില്‍ പരാജയപ്പെട്ട മുന്‍ സെക്രട്ടറി യു അസീസ്, എലവഞ്ചേരി ലോക്കല്‍ സെക്രട്ടറി കെ.രാജേഷ് തുടങ്ങിയവരെയാണ് കമ്മിറ്റിയില്‍ തിരികെയെടുത്തത്.
ശശിക്കെതിരെ വീണ്ടും അന്വേഷണം നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ സിപിഎം മുന്‍പ് ചുമതലപ്പെടുത്തിയിരുന്നു. ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടാണ് ആദ്യം സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്.