കത്തുകളില്‍ തട്ടി കേരള കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കട്ടകലിപ്പിലേക്ക്. പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫും സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിനും നല്കിയ കത്തുകളാണ് പുതിയ തര്‍ക്കത്തിന് കാരണം. സീറ്റൊഴിച്ചിടില്ലന്നും സീറ്റ് ജോസഫിനു നല്‍കുമെന്നും സ്പീക്കറുടെ ഓഫിസ് ഇന്നലെ പറഞ്ഞത് ഇന്ന് നടപ്പിലാക്കി. കസേരയില്‍ ജോസഫ് ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.
തൊട്ടുപിന്നാലെ ആദ്യം തിരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി ചെയര്മാനെയെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടത് അതിനു ശേഷം മാത്രമെന്നും നിലപാടു കടുപ്പിച്ച് ജോസ് കെ മാണി രംഗത്തെത്തി. ഒപ്പം പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനേയും ജോസ് കെ മാണി വിമര്‍ശിച്ചു. കത്തു നല്‍കുന്നതിന് മുമ്പ് മോന്‍സ് ജോസഫ് പാര്‍ട്ടിയില്‍ ആലോചിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മോന്‍സ് ജോസഫിന്റെ നീക്കത്തിനെ വിമര്‍ശിച്ച് ഇന്നലെ റോഷി അഗസ്റ്റിന് എംഎല്‍എ രംഗത്ത് വന്നിരുന്നു. പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെതിരെയാണ് റോഷി അഗസ്റ്റിന്റെ വിമര്‍ശനം. പാര്‍ട്ടിയില്‍ കൂടിയോലോചന ചെയ്യാതെയാണ് മോന്‍സ് കത്ത് നല്‍കിയതെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു. കത്ത് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കി. തര്‍ക്കം ഇരിപ്പിടത്തെ ചൊല്ലിയല്ല എന്നും എംഎല്‍എ പറഞ്ഞു.