മൂവാറ്റുപുഴ: ജനദ്രോഹ നടപടികള്‍ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തിന് അപമാനമായി മാറിയെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്. പിണറായി സര്‍ക്കാരിന് സംരക്ഷണ കവചം തീര്‍ക്കുന്ന ജോലിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചെയ്യുന്നതെന്നും സംസ്ഥാനത്തെ ആരോഗ്യ രംഗം നശിപ്പിക്കപ്പെട്ടുവെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പി.പി സജീവനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
”കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ മുന്‍ നിര്‍ത്തി പിണറായി വിജയനും സംഘവും നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യരംഗം പാടെ നശിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്നില്ല, കിടക്കാന്‍ ബെഡില്ല, ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരുമില്ല, പരിശോധന ഉപകരണങ്ങള്‍ ഇല്ല. ഏറ്റവും ദുഃസ്ഥിതിയിലാണ് പാവപ്പെട്ട രോഗികള്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനോ കേരളത്തിന് ആവശ്യമായ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനോ സംസ്ഥാന സര്‍ക്കാര്‍ താല്പര്യമെടുക്കുന്നില്ല.” – ശോഭ സുരേന്ദ്രന് കുറ്റപ്പെടുത്തി.