കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ സി എന്‍ മോഹനന് 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്.
വിദ്യാര്‍ഥി, യുവജന രംഗങ്ങളിലൂടെയാണ് സി എന്‍ മോഹനന് പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതല്‍ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ’92-93ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡല്‍ഹി സെന്ററിലും പ്രവര്‍ത്തിച്ചു. 2000-2005ല്‍ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. ജിസിഡിഎ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യാ കൗണ്‍സില്‍ അംഗം, കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ജില്ലാ പ്രസിഡന്റ്, ഇ എം എസ് പഠന കേന്ദ്രം, ടി കെ രാമകൃഷ്ണന് സാംസ്കാരിക കേന്ദ്രം ചുമതലകളുമുണ്ട്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍നിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയില്‍ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. ഭാര്യ കെ എസ് വനജ. മക്കള്‍: ചാന്ദ്സി, വന്ദന. മരുമകന്: അമല്‍ ഷാജി.