കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനങ്ങളടക്കം പുതിയ വിവാദങ്ങള്‍ക്കിടെ പാര്‍ട്ടി ഉത്തരവാദിത്വങ്ങളും പദവികളും ഒഴിയാന്‍ ഒരുങ്ങി ഇപി ജയരാജന്. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇപിയുടെ നീക്കം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമടക്കം രാജിവക്കുമെന്നാണ് സൂചന. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരം. വെള്ളിയാഴ്ച ചേരാനിരിക്കുന്ന സിപിഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന് കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. ഇത് നിഷേധിച്ച് ഇ പി ജയരാജന് രംഗത്തെത്തിയിരുന്നു. ഇപി ജയരാജന് എതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. ഇന്നും മറ്റന്നാളുമാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ ജയരാജന് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളില്‍ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനയ്ക്ക് എടുക്കുക. .
ഇ പി ജയരാജന്റെ മകന് ജയ്സണും സുഹൃത്തും ചേര്‍ന്ന് ആണ് വിവാദ ആയുര്‍വേദിക് റിസോര്‍ട്ട് രൂപീകരിച്ചത്. 2014-ല്‍ രൂപീകരിച്ച കമ്പനിയില്‍ ഇ പി ജയരാജന്റെ ഭാര്യയും ഡയറക്ടറാണ്. കഴിഞ്ഞവര്‍ഷമാണ് ജയരാജന്റെ ഭാര്യ ഇന്ദിര ഡയറക്ടറായത്. സിപിഎം സഹയാത്രികനായ കെ പി രമേഷ് കുമാറും ജയ്സണ്‍ ഒപ്പം തുടക്കം മുതല്‍ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ കമ്പനിയില്‍ 11 ഡയറക്ടര്‍മാരാണുള്ളത്.