ചണ്ഡിഗഢ്: ഹരിയാനയില്‍ മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ നിയമസഭാ കക്ഷി യോഗം നേതാവായി തെരഞ്ഞെടുത്തു. നാളെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. നേതാവായി ഖട്ടറിന്റെ പേര് അനില്‍ വിജ് നിര്‍ദേശിച്ചു. കന്‍വര്‍ പാല് പിന്താങ്ങി. ഐക്യകണ്ഠമായിരുന്നു തെരഞ്ഞെടുപ്പെന്ന് കേന്ദ്രനിരീക്ഷകനായി യോഗത്തില്‍ പങ്കെടുത്ത രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഖട്ടര്‍ ഗവര്‍ണര്‍ സത്യദേവ് നരൈനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.
നിയമസഭയില്‍ പത്ത് അംഗങ്ങളുള്ള ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) ഇന്നലെ ബിജെപി ധാരണയില്‍ എത്തിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ജെജിപിക്കു നല്‍കും. 90 അംഗ നിയമസഭയില്‍ 40 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ജെജെപിക്ക് പത്ത് അംഗങ്ങളുണ്ട്. ആറു സ്വതന്ത്രരും ബിജെപിക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുഷ്യന്ത് ചൗട്ടാലയുമായി ചേര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സഖ്യം പ്രഖ്യാപിച്ചത്.