എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവം രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കരുതെന്ന് ജനയുഗം എഡിറ്റോറിയല്‍.
വായിക്കാം എഡിറ്റോറിയല്‍ പൂര്‍ണ്ണമായി
ബുധനാഴ്ച എറണാകുളത്ത് മധ്യമേഖല ഡിഐജി ഓഫീസിലേക്ക് സിപിഐ ജില്ലാകൗണ്‍സില്‍ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ചിനുനേരെ ഉണ്ടായ പൊലീസ് അതിക്രമം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയുണ്ടായി. മാര്‍ച്ചിനു നേതൃത്വം നല്കിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം, പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി സി സന്‍ജിത്ത് തുടങ്ങി നിരവധി നേതാക്കള്‍ പൊലീസ് അതിക്രമത്തിന് ഇരകളായി. പൊലീസ് നടപടി ആസൂത്രിത അതിക്രമം ആയിരുന്നു. വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്സ് കോളജിലെ ഐഎഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ അക്രമി സംഘം കയ്യേറ്റം ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. അക്രമത്തിന് ഇരയായ ഐഎഎസ്എഫ് പ്രവര്‍ത്തകരെ ഞാറയ്ക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സിപിഐ ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘം തടയാന്‍ ശ്രമിച്ചു. ഞാറയ്ക്കല്‍ സിഐ മുരളിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഈ അഴിഞ്ഞാട്ടത്തിന് മൂകസാക്ഷികളായി, അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ വിസമ്മതിച്ചു. റൂറല്‍ എസ്പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അക്രമികള്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ പ്രതിഷേധിക്കുന്നതിനും കൃത്യവിലോപം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഐജി ഓഫീസ് മാര്‍ച്ച് നടന്നത്.
സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കേരള പൊലീസ് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ കാലയളവിലും കരുതലോടെയും ആത്മസംയമനത്തോടെയും സമാധാനപരമായ ജനകീയ പ്രതിഷേധത്തെ നേരിടുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. കേരളാ പൊലീസില്‍ കടന്നുകൂടിയിട്ടുള്ള പുഴുക്കുത്തുകളെയാണ് ഇത് തുറന്നുകാട്ടുന്നത്.
ഇന്ത്യയിലെ ഇതര പൊലീസ് സേനകളുമായുള്ള താരതമ്യത്തില്‍ മികവുറ്റതെന്നും സംസ്കാര സമ്പന്നമെന്നും ഖ്യാതി നേടാന്‍ കേരളാ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എറണാകുളത്തും നെടുങ്കണ്ടത്തും ആവര്‍ത്തിച്ച തരത്തിലുള്ള സംഭവ പരമ്പരകള്‍ ആ സത്പേരിന് കളങ്കമാണ്. സര്‍ക്കാരിന്റെ പൊലീസ് നയത്തിന് യോജിക്കാത്ത നടപടികള്‍ പലതും രാജാവിനെക്കാള്‍ കടുത്ത രാജഭക്തി പ്രദര്‍ശിപ്പിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ വ്യഗ്രതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിക്ഷിപ്ത താല്പര്യക്കാരായ ചില പ്രാദേശിക നേതാക്കളാണ് യഥാര്‍ഥ യജമാനന്മാര് എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിനു വഴങ്ങിക്കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് നയം നിയമവാഴ്ചയിലും മനുഷ്യാവകാശ സംരക്ഷണത്തിലും അധിഷ്ഠിതമാണെന്ന് തിരിച്ചറിഞ്ഞേ മതിയാവു. അതിന് തയ്യാറാവുന്നില്ലെങ്കില്‍ നിയമവാഴ്ചയുടെയും പൗരാവകാശ സംരക്ഷണത്തിന്റെയും സ്ഥാനത്ത് അരാജകത്വമാവും കൊടികുത്തി വാഴുക. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് അവഗണിക്കാനാവാത്ത വിധം പക്ഷപാതിത്വവും അതിരുവിടുന്ന അക്രമങ്ങളും അരങ്ങേറുന്നത് ഭരണനയങ്ങളുടെ വൈകല്യമായി കാണാന്‍ ജനങ്ങളെയും അത്തരം സംഭവങ്ങളെ അനുപാത രഹിതമായി പെരുപ്പിച്ചു കാണിക്കാന്‍ മാധ്യമങ്ങളെയും നിര്‍ബന്ധിതമാക്കും. എറണാകുളത്ത് അതിക്രമത്തിന് ഇരകളായത് ജനപ്രതിനിധികളും ജനനേതാക്കളുമാണ്. അതാവട്ടെ അവസരം പാര്‍ത്തിരിക്കുന്ന വിമര്‍ശകര്‍ക്കും രാഷ്ട്രീയ വൈരികള്‍ക്കും സുവര്‍ണാവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. അതെപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. അതിക്രമത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കും എതിരെ മാതൃകാപരവും കര്‍ക്കശവുമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ അനിഷ്ട സംഭവം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനാണ് കോണ്‍ഗ്രസും യുഡിഎഫും അടക്കം പ്രതിപക്ഷം ശ്രമിക്കുന്നത്. അതിന് അനുയോജ്യമായ അകമ്പടി ഒരുക്കി നല്കാന് മുഖ്യധാര മാധ്യമങ്ങള്‍ സന്ധ്യാനേര ചാനല്‍ ചര്‍ച്ചകളടക്കം സമസ്ഥ അടവുകളുമായി രംഗത്തുണ്ട്. സിപിഐയോടുള്ള അനുഭാവ- സഹതാപ പ്രവാഹങ്ങളാണ് ഇരുകേന്ദ്രങ്ങളുടെയും മുഖമുദ്ര. അവരുടെ ലക്ഷ്യം ഇടതുപക്ഷ ജനാധിപത്യ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുക എന്നതാണ.് രാജ്യവും സംസ്ഥാനവും അഭൂതപൂര്‍വമായ വെല്ലുവിളികളെ നേരിടുന്ന അവസരത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന രാഷ്ട്രീയ ദൗത്യമാണ്. കടുത്ത രാഷ്ട്രീയ-ആശയ വെല്ലുവിളികളുടെ മുന്നില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസടക്കം ബൂര്‍ഷ്വാരാഷ്ട്രീയ ശക്തികള്‍ അനിശ്ചിതത്വത്തില്‍ ആടി ഉലയുകയാണ്. അധികാര ശക്തിയുടെയും പണക്കൊഴുപ്പിന്റെയും മുന്നില്‍ അവര്‍ അനുദിനം അടിയറവു പറയുന്ന കാഴ്ചയാണ് അരങ്ങേറുന്നത്. ഈ അന്തരാള ഘട്ടത്തില്‍ ഇടതുപക്ഷത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ മുന്നണിയിലെ ഓരോ ഘടകത്തിനും ഉത്തരവാദിത്വമുണ്ട്. അത് വിസ്മരിച്ചുള്ള ഏതു നീക്കവും ചരിത്രത്തോടും രാജ്യത്തോടും ജനങ്ങളോടുമുള്ള അക്ഷന്തവ്യമായ അപരാധമാവും.