കണ്ണൂര്‍: സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്നും പുറത്തുപോകേണ്ടി വന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ മടങ്ങിയെത്തി. ഇതിന്റെ ഭാഗമായി തലശേരി ടൗണ്‍ കോടതി ബ്രാഞ്ചില്‍ ശശിക്ക് അംഗത്വം നല്കി. തലശേരി ഏരിയയ്ക്കു കീഴില്‍ അംഗത്വം നല്‍കണമെന്ന ആഗ്രഹം ശശി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
ശശിയെ തിരിച്ചെടുക്കാനുള്ള സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗികപീഡന ആരോപണക്കേസില്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി ശശിയെ കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താല്പര്യം ശശി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സി.പി.എം അനുകൂല തീരുമാനമെടുത്തത്.
സി.പി.എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശി 2011 ജൂലൈയിലാണ് സി.പി.എമ്മില്‍ നിന്നു പുറത്താകുന്നത്. ടി.പി. നന്ദകുമാര്‍ നല്കിയ ലൈംഗികപീഡന ആരോപണക്കേസ് ഒടുവില്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതിയിലെത്തിയെങ്കിലും ശശിയെ കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കി. കേസുകള്‍ ഇല്ലാതായതോടെ ശശിയുടെ പാര്‍ട്ടിയിലേക്കുള്ള മടക്കത്തിന് കാരണമായി. പാര്‍ട്ടിയില്‍ നിന്നു പുറത്തായതിനു ശേഷം അഭിഭാഷകനായി ജോലിയാരംഭിച്ച ശശി മാവിലായിയില്‍ നിന്നു തലശേരിയിലേക്ക് താമസം മാറ്റിയിരുന്നു.