മുംബൈ: കള്ളപണം വെളുപ്പിച്ച കുറ്റത്തിന് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിൻ്റെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പി.എ കുന്ദന്‍ ഷിന്‍ഡെ, പി.എസ് സഞ്ജീവ് പണ്ഡാലെ എന്നിവരാണ് അറസ്റ്റിലായത്.
അനില്‍ ദേശ്മുഖിന്റെ പേഴ്സണല്‍ സെക്രട്ടറിയാണ് സഞ്ജീവ് പലാന്‍ഡെ, പേഴ്സണല്‍ അസ്സീസ്റ്റന്റ് ആണ് കുന്ദന്‍ ഷിന്‍ഡെ ഇവരാണ് പിടിയിലായത്. ഏകദേശം ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ദേശ്മുഖിന്റെ നാഗ്പൂരിലെയും മുംബൈയിലെ വീടുകളില്‍ അടക്കം അഞ്ചിടങ്ങളില്‍ ഇന്നലെ ഇ.ഡി പരിശോധന നടത്തിയിരുന്നു.
അനില്‍ ദേശ്മുഖിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്ന കള്ളപണ കേസിൻ്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. ഇരുവരും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറഞ്ഞു. അതേസമയം, തനിക്കെതിരെ മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് നടത്തിയത് തെറ്റായ പ്രചാരണമാണെന്നും സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് പരംബീറിനെ ചുമതലയില്‍ നിന്നു നീക്കിയതിൻ്റെ പ്രതികാരമാണ് ഈ ആരോപണമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു.