സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്പ്പനയക്കായി തിരഞ്ഞെടുത്ത ഫെയര്‍കോഡ് കമ്പനിക്ക് ടോക്കണ്‍ ചാര്‍ജില്‍ നിന്നും അധിക വരുമാനം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പടെ പുറത്ത് വിട്ടാണ് ചെന്നിത്തലയുടെ ആരോപണം.
ചെന്നിത്തലയുടെ ആരോപണങ്ങള്‍ ഇപ്രകാരം:
1. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ ടൊക്കണ്‍ ചാര്‍ജ് ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ആണ് ലഭിക്കുക, 2. ടോക്കണ്‍ നിരക്ക് ബെവ്കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ്, 3. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം. ഇത് സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് ഉള്‍പ്പടെ ചെന്നിത്തല പുറത്ത് വിട്ടു. ടോക്കണ്‍ ചാര്‍ജ് ബെവ്കോയ്ക്ക് ആണ് ലഭിക്കുക എന്ന് നേരത്തെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞിരുന്നു. ഇപ്പോള്‍ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്ത് മറുപടിയാണ് നല്‍കുക എന്നത് വരും മണിക്കൂറുകളില്‍ വ്യക്തമാകേണ്ടതുണ്ട്. ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ബെവ്-ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയേക്കും എന്നാണ് സൂചന.