കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ചോദിച്ചു. തന്നെ കാണാന്‍വന്നത് ഫ്ളാറ്റിന് മുന്നിലൂടെ പോയപ്പോള്‍ പരിചയപ്പെടാന്‍ മാത്രമാണെന്ന് ഇ.പി. ജയരാജന്റെ വാദത്തെ സുധാകരന് പരിഹസിച്ചു.
പ്രകാശ് ജാവ്ദേക്കര്‍ വെറുതെ ജയരാജനെ കാണാന്‍ വന്നതല്ലെന്നും അതിന് ശേഷം കച്ചവടം നടന്നുവെന്നും കെ.സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിയും ജയരാജനും തമ്മിലുള്ള ശത്രുതയാണ് പാര്‍ട്ടി വിടാനുള്ള ശ്രമത്തിലേക്കും മറ്റും എത്തിച്ചത്. ഇന്ന് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടത്തിയ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
മായ്ച്ചുകളയാന്‍ സാധിക്കാത്ത ഒരു പ്രതികാരം ഇ.പി.ജയരാജന്റെ മനസ്സിലുണ്ട്. ബിജെപിയിലേക്ക് അദ്ദേഹം പോകാന്‍ നോക്കിയെന്ന തന്റെ ആരോപണം അദ്ദേഹംതന്നെ ഇപ്പോള്‍ പാതി സമ്മതിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പ്രകാശ് ജാവ്ദേക്കര്‍ ചായകുടിച്ചിട്ട് പോയെന്നാണ് പറഞ്ഞത്. ചായ കുടിക്കാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ. ഒരു ബന്ധവും ഇല്ലാത്ത ആളുടെ വീട്ടില്‍ ആരെങ്കിലും പോയി ചായ കുടിക്കുമോ? ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു നീക്കമുണ്ടായി. അതിന്റെ ഭാഗമാണോ കുറച്ചുകാലമായുള്ള അദ്ദേഹത്തിന്റെ വിട്ടുനില്‍ക്കല്‍ എന്നും സുധാകരന് ചോദിച്ചു.