കണ്ണൂര്‍: തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്നാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ജയരാജന് പറഞ്ഞു. ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരും ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. മറുപടി പറയാന്‍ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നത്.
ഒരിക്കല്‍പോലും നേരിട്ട് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി കോട്ടയത്ത് വച്ച് കണ്ടിരുന്നു. തന്റെ മകനും ശോഭയുമായി ഒരു ബന്ധവുമില്ല. മകന് രാഷ്ട്രീയത്തിലില്ല. എറണാകുളത്ത് ഒരു വിവാഹത്തിന് പോയപ്പോള്‍ ഹോട്ടലിന്റെ റിസപ്ഷനില്‍ വെച്ച് കണ്ടു. അന്ന് നമ്പര്‍ വാങ്ങി പിന്നീട് ശോഭ മകനെ ബന്ധപ്പെട്ടിരുന്നു. അവര്‍ മകന്റെ ഫോണില്‍ വിളിച്ചിട്ടും അതിന് മകന് പ്രതികരിച്ചില്ല.
പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു. എന്നെ കാണാന്‍ മകന്റെ ഫ്ളാറ്റിലാണ് വന്നത്. ഞാന്‍ ഫ്ളാറ്റില്‍ ഉള്ളപ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് കയറി വന്നത്. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. സംസാരിച്ചാല്‍ രാഷ്ട്രീയം മാറില്ല. ആക്കുളത്തുള്ള മകന്റെ ഫ്ളാറ്റിലാണ് കണ്ടത്
. തന്നെ കാണാന്‍ പലരും വരാറുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കരുതുന്നില്ലന്ന് ഇപി പറഞ്ഞു. നന്ദകുമാറിനെതിരെ വെറുതെ കേസ് കൊടുക്കാന്‍ പറ്റുമോ. തനിക്കെതിരെ എന്തെങ്കിലും പറഞ്ഞാലാണ് കേസ് കൊടുക്കുക. ഏത് വകുപ്പിലാണ് കേസ് കൊടുക്കുക. മോദി പറഞ്ഞാലും താന്‍ കുലുങ്ങില്ല. ബിജെപിയിലേക്കുപോകുമെന്ന ആരോപണം അടിസ്ഥാന രഹിതമാമെന്നും ജയരാജന് പ്രതികരിച്ചു.