ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ്ിന്റെ രാജ്യവ്യാപക സത്യഗ്രഹം തുടങ്ങി. ഡല്‍ഹിയിലെ രാജ്ഘട്ടിലാണ് സത്യഗ്രഹം. രാവിലെ പത്ത് മുതല്‍ ആരംഭിച്ച സത്യഗ്രഹ സമരത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. തിങ്കളാഴ്ച മുതല്‍ മറ്റ് പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹ സമരം നടക്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ ഗാന്ധി പാര്‍ക്കിലാണ് സത്യഗ്രഹം. രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് സത്യഗ്രഹം. ഡിസിസിയുടെ നേതൃത്വത്തില്‍ 14 ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹം സംഘടിപ്പിച്ചിട്ടുണ്ട്.
ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അഭിഷേക് മനു സിംഗ് വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേരും. ചൊവ്വാഴ്ചയോടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനം.