കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് വെള്ളാവൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി.മണിമല കവലയില്‍ നിന്ന് ആരംഭിച്ച പര്യടനം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോഷി പുളിച്ചുമാക്കല്‍, അഡ്വ. എ. ഷാജഹാന്, പി.ഡി. രാധാകൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്കി. തുറന്ന വാഹനത്തില്‍ പഞ്ചായത്തിലൂടെ പര്യടനം നടത്തിയ സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കനെ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി പ്രവര്‍ത്തകര്‍ അനുഗമിച്ചു.
മണിമല മേജര്‍ കുടിവെള്ള പദ്ധതിയോടു ചേര്‍ന്നുള്ള കുളത്തുങ്കല്‍ കിഴക്കേപ്പാറയില് എത്തിയ സ്ഥാനാര്‍ത്ഥിയോട് തൊഴിലുറപ്പു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പ്രദേശവാസികളായ സ്ത്രീകള്‍ കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി ബോധിപ്പിച്ചു. ടാങ്കറില്‍ വെള്ളം എത്തിക്കുന്നതിനുള്ള പണ ചിലവും കഷ്ടപ്പാടുകളും അവര്‍ സ്ഥാനാര്‍ഥിയെ അറിയിച്ചു. ഒരവസരം നല്കിയാല് മാസങ്ങള്‍ക്കുള്ളില്‍ വീടുകളില്‍ കുടിവെള്ളം എത്തിക്കുമെന്ന് ജോസഫ് വാഴയ്ക്കന് ഉറപ്പു നല്കി. കുളത്തുങ്കല്‍ ആല്‍ത്തറയില്‍ നടത്തിയ പ്രസംഗത്തില്‍ വെള്ളാവൂരിന്റെ കുടിവെള്ള പ്രശ്നം ഒരു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്ന് അറിയിച്ചു. മൂങ്ങാനിയില്‍ വെള്ളമില്ലാത്ത പൈപ്പ് ലൈനും പ്രദേശത്തെ വീട്ടുകാര്‍ ടാങ്കറില്‍ വെള്ളം എത്തിച്ചുശേഖരിക്കുന്ന സംഭരരണിയും സന്ദര്‍ശിച്ചു.
ഇവിടുത്തെ വീടുകള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി വയോജനങ്ങളുടെ അനുഗ്രഹം വാങ്ങി. അടാമറ്റം, മൂങ്ങാനി, ഏറത്തുവടകര കോളനി, ആനക്കല്ല്, പുത്തന്‍പീടിക, കുന്നേല്പ്പടി, തോണിപ്പാറ, കോത്തലപ്പടി, വെള്ളച്ചിറവയല്‍, കരയോഗക്കുന്ന്, എട്ടാംമൈല്‍, കടയനിക്കാട് നിരപ്പ്, പൂണിക്കാവ്, വെള്ളാവൂര്‍ കവല, എസ്.എന്‍.യു.പി. സ്കൂള്‍പടി, താഴത്തുവടകര, കുളത്തൂര്‍മൂഴി, ചില്ലാക്കൂന്ന് എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൊട്ടുകുളത്ത് സമാപിച്ചു. ജോ തോമസ് പായിക്കാട്, ആയിര പ്രകാശ്, പി.എം. അപ്പുക്കുട്ടന് നായര്‍, വാഴൂര്‍ സിബി, വിനോദ് ജി. പിള്ള, ഷിയാസ് വണ്ടാനം എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ചിറക്കടവ് പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 9ന് ഉള്ളായം കവലയില്‍ നിന്ന് പര്യടനം ആരംഭിക്കും.